ചൂടുപോരെന്ന് പറഞ്ഞ ചായമുഖത്തൊഴിച്ച വിനോദ സഞ്ചാരികളെ അക്രമിച്ച സംഭവം; മൂന്നാറിലെ ഹോട്ടൽ ഉടമയും സംഘവും അറസ്റ്റിൽ

മൂന്നാർ: ചായ കൊള്ളില്ലന്ന് പറഞ്ഞ് ഹോട്ടലിന്റെ മുന്നിൽ കാർക്കിച്ച് തുപ്പിയെന്നാരോപിച്ച് വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ്സിനെ പിൻതുടർന്ന് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച ഹോട്ടൽ ഉടമയും സംഘവും അറസ്റ്റിൽ.ടോപ്പ് സ്റ്റേഷനിൽ ഹിൽടോപ്പ് എന്ന പേരിൽ ഹോട്ടൽ നടത്തിവന്നിരുന്ന മിഥുൻ,സഹോദരൻ മിലൻ ജീവനക്കാരായ മുഹമ്മദ് ഷാൻ, ഡിനിൽ എന്നിവരെയാണ് മൂന്നാർ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം ഏറാട് സ്വദേശികളായ 45 പേരടങ്ങുന്ന സംഘം വൈകിട്ട് ടോപ്പ് സ്റ്റേഷൻ സന്ദർശിച്ചിരുന്നു.യാത്രക്കിടെ ഇവർ മിഥുന്റെ ഹിൽടോപ്പ് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.സംഘത്തിലെ ഒരാൾ ചായ കൊള്ളില്ലെന്ന് പറഞ്ഞ് പുറത്തേയ്ക്കിറങ്ങി തുപ്പിക്കളയുകയും തുടർന്നുണ്ടായ തർക്കത്തിൽ ചായ മുഖത്തൊഴിച്ചെന്നുമാണ് പരാതി ഉയർന്നത്.

ഇവിടെ നിന്നും യാത്ര സംഘം ബസ്സിൽ മടങ്ങവെ മിഥുനും സംഘവും ബൈക്കിൽ പിൻതുടർന്നു.എല്ലെപ്പെട്ടി ഭാഗത്തെത്തിയപ്പോൾ ഇവർ ബസ്സിന്റെ പിൻഭാഗത്തേയ്ക്ക് കല്ലേറ് തുടങ്ങി.അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ ബസ്സ് കുറച്ചുകൂടി മുന്നോട്ടുപോയി പാതയോരത്ത് നിർത്തി.ഉടൻ ഇവർ ബസ്സിനുള്ളിൽക്കടന്ന് ഡ്രൈവർ കൊല്ലം സ്വദേശി സിയാദിന്റെ കഴുത്തിൽ കത്തിവച്ച് ,ചായ തുപ്പിക്കളഞ്ഞ ആളുടെ പേര് പറയാൻ ആവശ്യപ്പെട്ടു.

തനിക്കറിയില്ലെന്ന് സിയാദ് പറഞ്ഞപ്പോൾ മിഥുൻ വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി.പെട്ടെന്ന് കഴുത്തുവെട്ടിച്ച് മാറ്റിയതിനാൽ തോളെല്ലിനാണ് വെട്ടേറ്റത്.തുടർന്ന് ഇയാളെ കത്തികാണിച്ച് ഭീഷിണിപ്പെടുത്തി ഇവർ എത്തിയ ബൈക്കിൽ കയറ്റി സിനിമ സ്‌റ്റൈലിൽ ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയി.കൊല്ലാൻ കൊണ്ടുപോകുകയാണെന്ന് യാത്രയ്ക്കിടെ ഇവർ സിയാദിനോട് പറയുന്നുണ്ടായിരുന്നുവത്രെ.

ഏകദേശം ഒരു കിലോമീറ്ററോളം ദുരത്തിൽ കൊണ്ടുപോയി വീണ്ടും ഭീഷിണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു.ഇതോടെ സിയാദ് സഹികെട്ട് ഒരാളുടെ പേര് പറഞ്ഞു.ഉടൻ ഇയാളെയും കൊണ്ട് സംഘം തിരിച്ച് ബസ്സിനടുത്തെത്തി സിയാദിനെ വിട്ട് ഇവർ ബസ്സിനുള്ളിലേയ്ക്ക് കയറി.സിയാദ് പറഞ്ഞ ആളെ ഇവർ ബലംപ്രയോഗിച്ച് ബസ്സിന് പുറത്തെത്തിച്ച് മർദ്ദിച്ച് അവശനാക്കി.

മൂക്കിന് സാരമായി പരിക്കേറ്റ യാത്രക്കാരനായ അർഷാദ് തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്. വെട്ടേറ്റ സിയാദും ആശുപത്രിയിൽ ചികത്സ തേടി.സിയാദിന്റെ മൊഴി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.