എസ്എഫ്‌ഐയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണം: ഹൈബി ഈഡൻ
കൊച്ചി: എസ്എഫ്‌ഐയെ ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നിരന്തരമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും അവരുടെ മൗലികാവകാശങ്ങൾ പോലും എസ്എഫ്‌ഐ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു വനിതാ നേതാവിനെ അടക്കം എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിച്ച പശ്ചാത്തലത്തിലാണ് ഹൈബി ഈഡൻ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ കെഎസ്‌യു സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടംചേർന്ന് വലിച്ചിഴച്ച് ക്രൂരമായി മർദിച്ചപ്പോൾ പൊലീസ് നോക്കിനിന്നെന്ന് ലോ കോളജിൽ മർദനത്തിനിരയായ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കൂബ് പറഞ്ഞു. കോളജിലെ അക്രമത്തിന് ശേഷം എസ്എഫ്‌ഐ പ്രവർത്തകർ വീടുകയറി മർദിച്ചെന്നും കെഎസ്‌യു ആരോപിച്ചു. ദേവനാരായണനെന്ന വിദ്യാർഥിക്ക് കഴുത്തിനും ജിയോ എന്ന വിദ്യാർഥിക്ക് കാലിനും പരിക്കുണ്ട്. എസ്എഫ്‌ഐ ഭാരവാഹികൾ വരെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണൻ പറഞ്ഞു.
ലോ കോളജ് വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാഗ്വാദമുണ്ടായി. കേരളത്തിൽ എസ്എഫ്‌ഐ പ്രവർത്തകരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയായ സ്ഥിതിയായെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രബലമായ ഒരു വിദ്യാർഥി സംഘടനയെ അപലപിക്കുന്ന പ്രതിപക്ഷനേതാവ് പഴയ കെഎസ്‌യു നേതാവിന്റെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്നായിരുന്നു സതീശന്റെ മറുപടി.