കെ റെയില്‍ സമരം; മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേർക്കെതിരെ കേസ്
കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിന് എതിരെ നടന്ന സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേര്‍ക്കെതിരെ കേസ്. വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ കണ്ണില്‍ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്കു തകരാറു പറ്റിയതായും പൊലീസ് പറയുന്നു.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ വീണു എന്നാണ് കേസ്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. പൊലീസ് ബലപ്രയോഗത്തിനിരയായ റോസ്‍ലിന്‍ ഫിലിപ്പടക്കം കേസില്‍ പ്രതിയാണ്. ഇന്നു മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനരാരംഭിക്കും എന്നാണ് വിവരം.
ചങ്ങനാശേരി മാടപ്പള്ളിയില്‍ കെറെയില്‍ സര്‍വേക്കല്ലിടാനെത്തിയ പോലീസ് സംഘവും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷം വലിയ വിവാദമായിരുന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോകുന്ന സ്ഥിതി വരെ ഉണ്ടായി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ മാടപ്പള്ളിയിലെത്തി പ്രതിഷേധക്കാരെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. സ്ഥലത്ത് സ്ഥാപിച്ചിരുന്ന സര്‍വേ കല്ലുകള്‍ പിഴുത് മാറ്റിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കൂടാതെ കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചതിന് പൊലീസ് ബലപ്രയോഗത്തിനിരയായ റോസ്‍ലിന്‍ ഫിലിപ്പിന് നേരെയും കേസ് എടുത്തു. ഇതിന് പിന്നാലെയാണ് സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് കണ്ടലാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
‘മകള്‍ നോക്കി നില്‍ക്കെ ചെന്നായ്ക്കള്‍ ഇരയെ വലിച്ചിഴക്കും പോലെ കൊണ്ടുപോയി, ഇനിയും പോരാടും’; മാടപ്പള്ളിയിലെ റോസ്ലിന്‍ പറയുന്നു
കെറെയിലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ നടന്ന ജനകീയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. തങ്ങളുടെ കിടപ്പാടവും സ്വത്തും വരുമാന മാര്‍ഗവും നഷ്ടപ്പെടുമെന്ന ഭയത്തില്‍ നിന്നുമാണ് അവര്‍ പ്രതിഷേധിക്കാന്‍ തയാറായി തെരുവിലറങ്ങിയത്. പ്രതിഷേധക്കാര്‍ക്കിടയിലെ ഒരു സ്ത്രീയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്നതും ആ കാഴ്ച കണ്ട് ‘എന്‍റമ്മയേ..വിടണേ’ എന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി കരയുന്നതും കണ്ടുനിന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഒരു വിങ്ങലായി മാറി.
കോട്ടയം സ്വദേശി ജിജി എന്ന റോസ്ലിന്‍ ഫിലിപ്പിനെയാണ് പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയത്. സ്വന്തം വീടും തറവാടും വരുമാന മാര്‍ഗമായ കടയും നഷ്ടപ്പെടുന്നതിലുള്ള വേദനയാണ് ജിജി പ്രതിഷേധിക്കാന്‍ പ്രേരിപ്പച്ചത്. ഇതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്നത് ഓര്‍ക്കാന്‍ കൂടി കഴിയില്ലെന്ന് റോസ്ലിന്‍ പറയുന്നു.
‘ടാറിട്ട റോഡിലൂടെ എന്നെ വലിച്ചിഴച്ചപ്പോൾ കൈകാലുകളെല്ലാം പൊട്ടി ചോര പൊടിയുകയും വസ്ത്രം സ്ഥാനം മാറിപ്പോവുകയും ചെയ്തു. വനിതാ പൊലീസുകാർക്കും എന്ന സഹായിക്കാൻ തോന്നിയില്ല. എന്റെ ഇളയ മകളും ക്യാമറക്കണ്ണുകളും ഒരു നാട് മുഴുവനും നോക്കി നിൽക്കുമ്പോഴാണ് ഈ അപമാനവും അക്രമവും. ഞാനൊരു സാധാരണ വീട്ടമ്മയാണ്. എന്നാലും കിടപ്പാടത്തിനായി ഇനിയും പൊരുതും. തെരുവിൽ ഇറങ്ങുന്നതിനേക്കാൾ ഭേദം മരണമാണ്’–റോസ്‌ലിൻ പറഞ്ഞു.
വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന റോസ്ലിന്‍ അമ്മയ്ക്ക് അസുഖം ബാധിച്ചത് മൂലമാണ് തിരികെ നാട്ടിലെത്തിയത്. മൂന്ന് പെണ്‍കുട്ടികളാണ് റോസ്ലിന്, മൂത്തമകള്‍ സോണിയ സി.എ വിദ്യാര്‍ഥി, രണ്ടാമത്തെ മകള്‍ സാനിയ ഏഴാം ക്ലാസിലും ഇളയ മകള്‍ സോമിയ ഒന്നാം ക്ലാസിലും പഠിക്കുന്നു.സോമിയയുടെ മുന്നില്‍ വെച്ചാണ് റോസ്ലിനെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയത്.
സോമിയയും മാതാപിതാക്കളായ ഈയാലിൽ തെക്കേതിൽ സണ്ണി ഫിലിപ്പും റോസ്‌ലിനും താമസിക്കുന്ന മാടപ്പള്ളി ഇടപ്പള്ളി കോളനിയിലെ വീടും കുറച്ച് അകലെയുള്ള കുടുംബ വീടും ഇവർ നടത്തുന്ന സ്റ്റേഷനറിക്കടയും സിൽവർലൈനു സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടമാകും.
അറസ്റ്റ് ചെയ്ത റോസ്ലിനെ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പിന്നീട് വിട്ടയച്ചു. വൈകിട്ടോടെ വീട്ടിലെത്തിയ അവരെ രക്തസമ്മർദം കൂടിയതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നിരുന്നു.