മള്‍ട്ടിപ്പിള്‍ മയലോമ: ലക്ഷണങ്ങളെ അവഗണിക്കരുത്, ഡോ: വി. ശ്രീരാജ് അസി. പ്രൊഫസർ അമല മെഡിക്കൽ കോളേജ്
മുതിര്‍ന്നവരില്‍ പതിവായി കാണപ്പെടുന്നതും ഗുരുതരമായതുമായ രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മയലോമ. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ പതിവായി കാണപ്പെടുന്ന ഒരു ക്യാന്‍സര്‍ കൂടിയാണിത്. മറ്റ് ക്യാന്‍സറുകളില്‍ നിന്നും വിഭിന്നമായി കിഡ്നി, എല്ല് ഉള്‍പ്പടെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ബാധിക്കുന്ന ഒരു ക്യാന്‍സര്‍ കൂടിയാണിത്. പ്ലാസ്മ സെല്‍ എന്ന വെളുത്ത രോഗാണുക്കളിലാണിതുണ്ടാകുന്നത്. ആരോഗ്യമുള്ള പ്ലാസ്മ കോശങ്ങളാണ് രക്തത്തിലെ അണുബാധ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്നത്. ഇമ്യൂണോഗ്ലോബുലിനാണ് രോഗാണുക്കളെ തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യുന്ന ആന്റിബോഡികള്‍. എന്നാല്‍ ഈ പ്ലാസ്മ സെല്‍ ക്യാന്‍സര്‍ കോശങ്ങളായി മാറുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുന്നതോടെയാണ് രോഗം മൂര്‍ച്ഛിക്കുന്നു. തുടര്‍ന്ന് മജ്ജയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കി എല്ലിനെ ദുര്‍ബലപ്പെടുത്തുന്നു. കൂടാതെ രക്തക്കുറവ്, കാല്‍ഷ്യം വര്‍ധിച്ച് കിഡ്നിയെ ബാധിക്കയ്ല് എന്നിവയും സംഭവിക്കുന്നു. ചെറിയ വീഴ്ചയില്‍ പോലും എല്ലു പൊട്ടുന്ന ഗുരുതര സാഹചര്യത്തിലേയ്ക്കാണ് രോഗിയെത്തപ്പെടുക. അതുകൊണ്ടു തന്നെ മള്‍ട്ടിപ്പിള്‍ മയലോമയുടെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് ചികിത്സയെ ഏറെ സഹായിക്കും.
നാല്‍പ്പത് വയസിനു ശേഷം പൊതുവെയും ചെറുപ്പക്കാരില്‍ അപൂര്‍വമായും കാണപ്പെടുന്ന രോഗാവസ്ഥയാണിത്. എല്ലാ രോഗങ്ങളിലും കാണപ്പെടുന്ന ലക്ഷണങ്ങളാണ് മള്‍ട്ടിപ്പിള്‍ മയലോമയുടെയും ആദ്യലക്ഷണങ്ങള്‍. അതുകൊണ്ടു തന്നെ പലരും ഇതിനെ ഗൗരവത്തിലെടുക്കാന്‍ വൈകും. ഇതു തന്നെയാണ് ഈ രോഗം മൂലമുണ്ടാകുന്ന പ്രതിസന്ധി.
നടുവേദനയാണ് പ്രധാന ലക്ഷണം. അനീമിയയാണ് മറ്റു പ്രധാന ലക്ഷണം. ഓക്കാനം, വിശപ്പില്ലായ്മ, മലബന്ധം എന്നിവയും ലക്ഷണങ്ങളാണ്. നിരന്തരമായ ക്ഷീണം, ചെറിയ അണുബാധകള്‍ പോലും പതിവാകല്‍, ഭാരക്കുറവ്, കാലുകളില്‍ ബലം കുറയല്‍, മരവിപ്പ്, അമിതമായ ദാഹം എന്നിവയൊക്കെയാണ് മറ്റു ലക്ഷണങ്ങള്‍. കാലില്‍ വീക്കം, മുഖത്തില്‍ വീക്കം, മൂത്രം കുറയല്‍, മൂത്രത്തില്‍ രക്തം, തലകറക്കം, രുചിയില്ലായ്മ എന്നീ ലക്ഷണങ്ങളും കണ്ടേക്കാം. മറ്റ് അസുഖങ്ങളുണ്ടാകുന്നവരില് കാണുന്ന പതിവ് ലക്ഷണങ്ങളായതു കൊണ്ടു തന്നെ രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് മള്‍ട്ടിപ്പിള്‍ മയലോമയുടെ പ്രധാന പ്രശ്നം.
മള്‍ട്ടിപ്പിള്‍ മൈലോമയ്ക്കുള്ള ചികിത്സ എല്ലായ്പ്പോഴും ഉടനടി ആവശ്യമില്ല. കാരണം ഇതു സാവധാനം വളരുന്നതും പതിവ് ലക്ഷണങ്ങളുമാണ്. അതിസൂക്ഷ്മ നിരീക്ഷണത്തിലൂടെ മാത്രമാണ് ഈ രോഗം സംബന്ധിച്ച സ്ഥിരീകരണത്തിലേയ്ക്കെത്തുന്നത്.
രക്തപരിശോധനകളിലൂടെയാണ് രോഗത്തിന്റെ സാധ്യതയറിയാം. ബ്ലഡ് എം സ്പൈക്ക് ടെസ്റ്റിലൂടെ രക്തത്തിലെ പ്രോട്ടീന്‍ ലെവല്‍ കണ്ടെത്താമെങ്കിലും രോഗം സംബന്ധിച്ച നിഗമനങ്ങളിലേയ്ക്ക് എത്താന്‍ കൂടുതല്‍ ടെസ്റ്റുകള്‍ ആവശ്യമാണ്. മൂത്രപരിശോധന വഴി കിഡ്നിയിലെ പ്രോട്ടീന്‍ അളവും തിരിച്ചറിയാം.
മജ്ജ പരിശോധനയിലൂടെ കൃത്യമായ പ്ലാസ്മ സെല്‍ വര്‍ധനവും ജനിറ്റിക് മ്യൂട്ടേഷനും കണ്ടെത്താം. എല്ലിന് സംഭവിക്കുന്ന പൊട്ടലിലൂടെ എക്സ്റേ, സിടി സ്കാന്‍, എംആര്‍ഐ എന്നിവ നടത്തിയും രോഗം കണ്ടെത്താം.
പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കാത്ത രോഗമാണെങ്കിലും നിലവില്‍ പ്രമേഹം പോലെ ചികിത്സയിലൂടെ നിയന്ത്രിച്ചു കൊണ്ടു പോകാന്‍ സാധിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ മയലോമ. ടോക്സിക്കായ മരുന്നുകള്‍ ഉപയോഗിക്കാത്ത, കീമോ നടത്തുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സയും മള്‍ട്ടിപ്പിള്‍ മയലോമയിലിന്നുണ്ട്. പത്തു മുതല്‍ പതിനഞ്ചു വര്‍ഷം വരെ ചികിത്സയിലൂടെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ അസുഖം ബാധിച്ചാല്‍ ചികിത്സ അപ്രാപ്യമായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ആരോഗ്യരംഗത്തുണ്ടായ ചികിത്സാ മാറ്റമാണ് ഈ തരത്തില്‍ മള്‍ട്ടിപ്പിള്‍ മയലോമയെ നിയന്ത്രിച്ചു കൊണ്ടു പോകാന്‍ സാധിക്കുന്നത്. ഓരോ വര്‍ഷവും ചികിത്സാരീതിയില്‍ പുരോഗതിയുണ്ടാവുന്നുണ്ട്. കേരളത്തില്‍ ഇന്ന് വിദഗ്ദ ചികിത്സ ലഭ്യമാകുന്ന നിരവധി ആശുപത്രികളും വിദഗ്ദ ഡോക്റ്റര്‍മാരുമുണ്ട് എന്നതും ആശ്വാസകരമാണ്. ആദ്യഘട്ടത്തിലെ കീമോ ചികിത്സ ഓങ്കോളജിസ്റ്റുകള്‍ക്ക് ആശുപത്രികളില്‍ അഡ്്മിറ്റ് ചെയ്യാതെ തന്നെ ചെയ്യാവുന്നതാണ്. തുടര്‍ന്നു വരുന്ന മജ്ജമാറ്റിവയ്ക്കല്‍ ചെയ്യുന്ന ആറോളം ആശുപത്രികളും കേരളത്തിലുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഹൃദയസംബന്ധമായ രോഗങ്ങളുമുള്പ്പടെയില്ലാത്തതും ശാരീരിക-മാനസിക ആരോഗ്യത്തില്‍ വലിയ പ്രശ്നങ്ങളില്ലാത്തതുമായ 65 വയസു വരെയുള്ള രോഗികള്‍ക്ക് മജ്ജമാറ്റിവയ്ക്കല്‍ ചെയ്യാവുന്നതാണ്. ആര്‍സിസി ഉള്‍പ്പടെയുള്ള ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഇന്നു ചികിത്സ ലഭ്യമാണ്. കേരളത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്.
പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ മള്‍ട്ടിപ്പിള്‍ മയ്ലോമയുടെ തോത് കുറവാണെങ്കിലും ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ സിറ്റികളില്‍ വര്‍ധിച്ചുവരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 55 മുതല്‍ 65 വരെയുള്ളവരില്‍ വരുന്ന ക്യാൻസറിൽ 8 മുതല്‍ പത്തു ശതമാനം വരെ മൾട്ടിപ്പിൾ മയലോമയാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ രോഗം സംബന്ധിച്ച ബോധവത്കരണം അനിവാര്യമാണ്. പൊതുജനങ്ങളെ ഭീതിപ്പെടുത്താത്ത വിധം രോഗം സംബന്ധിച്ച ബോധവത്കരണം പെട്ടെന്നുള്ള മരണനിരക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും.