മുക്കുപണ്ടം പണയം വച്ച് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾതട്ടിയ ദമ്പതികൾ അറസ്റ്റിൽ

പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. വള്ളിക്കുന്ന്, കടലുണ്ടി നഗരം കിഴക്കന്റെ പുരയ്ക്കൽ വീട്ടിൽ നസീർ അഹമ്മദ് (45), ഭാര്യ അസ്മ(40) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് കോഴിക്കോട് പന്തീരാങ്കാവിലുള്ള ഫ്ളാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്.


വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽ നിന്നും 24 ലക്ഷവും അരിയല്ലൂർ സഹകരണ ബാങ്കിൽ നിന്നും 23 ലക്ഷവും മുക്കുപണ്ടം പണയം വച്ച് കൈക്കലാക്കിയെന്നാണ് പരാതി. ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയാണ് വ്യാജ സ്വർണം പണയം വയ്ക്കാൻ നൽകിയതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒരു ഗ്രാം വ്യാജ സ്വർണത്തിന് 500 രൂപ നിരക്കിൽ പ്രതിക്ക് നൽകി. വ്യാജ സ്വർണത്തിന്റെ ഉറവിടത്തെ കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.