കെ റെയില്‍ കല്ലിട്ട ഭൂമിയ്ക്ക് വായ്പ അനുവദിക്കില്ലെന്ന് സഹകരണ ബാങ്കുകള്‍

തിരുവനന്തപുരം: കെ റെയിലില്‍ അതിരടയാള കല്ലിട്ട ഭൂമി പണയം വെയ്ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സഹകരണ ബാങ്കുകള്‍. കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളാണ് നിലവില്‍ ഭൂമി പണയമാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഇത് എല്ലാ ബാങ്കുകളുടെയും പ്രതിസന്ധിയാണെന്ന് സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള പ്രതികരിച്ചു. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉത്തരവ് ഇറക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ജനാധിപത്യ വേദി ആവശ്യപ്പെട്ടു.

കെ റെയില്‍ കല്ലിട്ട ഭൂമിയില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ഇനിയും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് സ്ഥലം ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അത് ബാധ്യതയായി മാറിയേക്കും. ഇത് കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളുടെ മാത്രമല്ല, എല്ലാ ബാങ്കുകളുടെയും മുന്നിലുള്ള പ്രതിസന്ധിയാണ്. അതേസമയം, കല്ലിട്ടതുകൊണ്ട് ഈ വസ്തുവിന്റെ ഉടമസ്ഥാവകാശത്തിലോ ക്രയവിക്രയത്തിലോ യാതൊരു തടസവുമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നും ജനാധിപത്യ വേദി കൂട്ടിച്ചേര്‍ത്തു.

നേരത്തെ അതിരടയാള കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാന്‍ തടസമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. പത്തനംതിട്ടയില്‍ പദ്ധതിക്കായി സര്‍വേ നടത്തിയ ഭൂമിയില്‍ ഉള്‍പ്പെട്ടതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുതെന്നുമായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ബാങ്കേഴ്‌സ് സമിതിയുമായി വിഷയം ചര്‍ച്ചചെയ്യും. വായ്പ നിഷേധിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളുടെ മനസില്‍ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.