പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച യുവാവ് പിടിയില്‍
കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച യുവാവ് പിടിയില്‍. പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവ്(20) ആണ് പിടിയിലായത്. ഐടിഐ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് പ്രണവ് ബസില്‍ നിന്നിറക്കി മര്‍ദിച്ചത്. തോപ്പുംപടി ജങ്ഷനില്‍ വെച്ചാണ് പെണ്‍കുട്ടിയെ പ്രതി മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.
ബസിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയുടെ കൈക്ക് കയറി പിടിച്ച പ്രതി തോപ്പുംപടി ജങ്ഷനില്‍ ബസെത്തിയപ്പോള്‍ വലിച്ച് താഴെയിറക്കി. പെണ്‍കുട്ടിയോട് ഫോണ്‍ പ്രതി ആവശ്യപ്പെടുകയും കിട്ടാതെ വന്നതോടെ പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് പ്രതി നിലത്ത് വീഴ്ത്തിയ ശേഷം മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പ്രതിയെ തടയുകയും പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സൂചനയുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും പ്രതിയും മുന്‍പ് ഒരുമിച്ച് പഠിച്ചിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.