യാത്രക്കാരെത്തുന്നതിന് മുമ്പേ ഖത്തറിലേക്ക് പോകേണ്ടിയിരുന്ന വിമാനം പോയി

തിരുവനന്തപുരം; വിമാനത്താവളത്തിൽ യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാന സർവീസ് നടത്തിയതായി പരാതി. യാത്രക്കാരെത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ വിമാനം പോയതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിയവർ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 10.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലർച്ചെ നാല് മണിക്ക് സർവീസ് നടത്തിയെന്നാണ് പരാതി.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വഴി ഖത്തറിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് നേരത്തെ പുറപ്പെട്ടത്. രാവിലെ 10.10ന് പുറപ്പെടുമെന്നായിരുന്നു വിമാനം. റിപ്പോർട്ടിങ് സമയമായ ഏഴ് മണിക്ക് മുമ്പ് തന്നെ യാത്രക്കാർ എത്തിയിരുന്നു. എന്നാൽ പുലർച്ചെ നാലരയ്‌ക്ക് തന്നെ വിമാനം പുറപ്പെട്ടുവെന്നാണ് യാത്രക്കാർക്ക് അറിയാൻ കഴിഞ്ഞത്.

വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച് മറ്റ് മുന്നറിയിപ്പുകൾ ഒന്നും തന്നെ വന്നിരുന്നില്ല എന്നാണ് യാത്രക്കാരുടെ പ്രതികരണം. ഇത് സംബന്ധിച്ച് വിമാനക്കമ്പനി അധികൃതരുടെ വിശദീകരണമെത്തിയിട്ടില്ല. പൊതുവെ വിമാനങ്ങൾ നേരത്തെ പുറപ്പെടുന്നത് പതിവല്ലാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിമാനക്കമ്പനിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് യാത്രക്കാർ.