കിട്ടിയ പണമെല്ലാം തീർന്നു, ജീവിതം പ്രതിസന്ധിയിലെന്ന് ജിഷയുടെ അമ്മ
കൊച്ചി: ജീവിതം പ്രതിസന്ധിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും കിട്ടിയ പണമെല്ലാം തീർന്നു. ഇപ്പോൾ ഹോംനഴ്സായി ജോലി ചെയ്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് ജീവിക്കുന്നതെന്ന് രാജേശ്വരി പറഞ്ഞു.
2016 ഏപ്രിൽ 28നാണ് ജിഷ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ പുറംമ്പോക്കിലെ വീട്ടിലെ അവസ്ഥ കണ്ട് രാജേശ്വരിക്ക് സഹായവുമായി നിരവധി പേർ എത്തിയിരുന്നു. 2016 മെയ് മുതൽ 2019 സെപ്തംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ലാ കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ 40,31,359 രൂപയെത്തി. ഇതിൽ 11.5 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് വീട് നിർമിച്ചത്. രാജേശ്വരിയുടെ ആവശ്യപ്രകാരം ബാക്കി തുക അവരുടെ അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം മാറ്റി.
രോഗിയായ രാജേശ്വരിയുടെ ചികിത്സയ്ക്കായി വലിയൊരു തുക ചെലവായി. ഇതിനിടെ കൂടെക്കൂടിയ ചിലർ പണം കൈക്കലാക്കിയെന്ന് അവർ ആരോപിക്കുന്നു. ജിഷയുടെ മരണത്തിന് പിന്നാലെ സഹോദരി ദീപയ്ക്ക് സർക്കാർ ജോലി കിട്ടിയിരുന്നു. ദീപയ്‌ക്കൊപ്പമാണ് രാജേശ്വരി താമസിക്കുന്നത്.
അതേസമയം രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.