വാട്‌സാപ്പിലൂടെ പരിചയം, നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തി പീഡനം, 15കാരിയുടെ പരാതിയില്‍ തിരുരങ്ങാടി സ്വദേശി അറസ്റ്റില്‍

മലപ്പുറം: വാട്‌സാപ്പിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി മാതാംകുളം കുമ്മിണിപ്പറമ്പ് മണ്ണാരക്കല്‍ ജിഷാദ്(26)ന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്.

വാട്‌സാപ്പിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ കൈവശപ്പെടുത്തിയ ശേഷം ഈ ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2017 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കാറില്‍ കയറ്റി വാഹനത്തിനുള്ളില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 2022 മാര്‍ച്ച് 22നാണ് പ്രതി പിടിയിലാകുന്നത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടനാണ് കേസ് അന്വേഷിക്കുന്നത്.