ചെറുമത്സ്യങ്ങളുടെ സംരക്ഷണത്തിന് ഓപ്പറേഷൻ പൈതൽ; പരിശോധന കർശനമാക്കി

കടൽസമ്പത്തിന്റെ സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ പൈതൽ’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പരിശോധന ശക്തമാക്കി. വലുപ്പമെത്താത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നതും വിപണനം ചെയ്യുന്നതും തടയുക, നിയമവിരുദ്ധ മത്സ്യബന്ധനം നിയന്ത്രിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ 24 മണിക്കൂറും പരിശോധന നടത്തിവരികയാണ്. പൊന്നാനി, താനൂർ, പരപ്പനങ്ങാടി ഹാർബറുകളിലും മറ്റ് ഫിഷ് ലാൻഡിങ് സെന്ററുകളിലുമായി ഇതിനകം 200-ഓളം യാനങ്ങൾ പരിശോധിച്ചു.
പരിശോധനകൾക്കൊപ്പം മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പൂർണ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, ജില്ലയിലെ മത്സ്യഭവൻ ഓഫീസർമാർ, സീ റെസ്ക്യൂ ഗാർഡുമാർ തുടങ്ങിയവരടങ്ങുന്നതാണ് പരിശോധനാ സംഘം. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
