ശ്രീനിവാസ് വധം; പിടിയിലായത് ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേർ; അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തി; ആയുധം കൊണ്ട് വന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു
പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ എത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുക്കുന്നത്. കൃത്യ നിർവ്വഹണത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച വാഹനങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്താനാണ് ശ്രമം.
ശംഖുവാരത്തോട് മസ്ജിദിലും പരിസരങ്ങളിലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ അബ്ദുറഹ്മാന്റെ മൊബൈൽ ഫോൺ മസ്ജിദ് പരിസരത്ത് ഉപേക്ഷിച്ചെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതികളായ ബിലാലും, റിയാസുദ്ദീനുമായി പോലീസ് എത്തിയത്. ഇതിന് ശേഷം ഇരുവരെയും മറ്റിടങ്ങളിലും എത്തിച്ച് തെളിവെടുക്കും. സംഭവ ശേഷം പ്രതികളുടെ ഫോണുകൾ വീടുകളിൽ എത്തിച്ചതും, വാഹനങ്ങൾ ഒളിപ്പിച്ചതും ഇരുവരും ചേർന്നാണ്.
കൊലയാളി സംഘത്തിന് ആയുധം എത്തിച്ചത് ഓട്ടോയിലാണെന്നാണ് ഇന്നലെ അറസ്റ്റിലായ നാല് പേരുടെയും മൊഴി. ഈ ഓട്ടോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയാളി സംഘം സഞ്ചരിച്ച മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഒന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കുകളിലുമായിട്ടാണ് കൊലയാളി സംഘം എത്തിയത്. ഇതിൽ ഒരു വാഹനം തമിഴ്‌നാട് രജിസ്‌ട്രേഷനിൽ ഉള്ളതാണെന്നും പോലീസ് കണ്ടെത്തി.
ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇതുവരെ ആറ് പേരാണ് പോലീസ് പിടിയിൽ ആയിരിക്കുന്നത്. ഇന്നലെ അറസ്റ്റിലായ നാല് പേർക്ക് പുറമേ ഇന്ന് രാവിലെ രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം പ്രതികളെ രക്ഷപ്പെടാനും സഹായിച്ചവരാണ്. കൃത്യം നടത്തിയ ആറ് പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.
പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റ് മോർട്ടത്തിന്റെ സമയത്ത് ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് ഒത്തുകൂടിയ കൊലയാളി സംഘത്തിന് ഒപ്പം കസ്റ്റഡിയിൽ ആയവരും ഉണ്ടായിരുന്നു. ഇവരിൽ നാല് പേർ ആദ്യം ശ്രീനിവാസിന്റെ കടയുടെ പരിസരത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് ശേഷം പ്രതികളെ വിവരം അറിയിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇവർക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയതും ഇവരാണ്.