‘ഞാൻ സരിതാ നായരെപ്പോലെ‘: വിഷ്ണുപ്രിയ തട്ടിയത് കോടികൾ, പോലീസെത്തിയപ്പോൾ ബോധം കെടലും
പാലക്കാട് : മുതലമടയിൽ ആദിവാസികൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത ഒറ്റപ്പാലം സ്വദേശിനി വിഷ്ണുപ്രിയ (42) സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടത്തിയതായി സൂചന. മുതലമട ഗോവിന്ദപുരം അംബേദ്കർ കോളനിയിൽ നടത്തിയ തൊഴിൽ പരിശീലനത്തിൽ തട്ടിപ്പു നടത്തുകയും, അർഹതപ്പെട്ട ആനുകൂല്യം ചോദിച്ചയാളെ ജാതി പറഞ്ഞ് അധിക്ഷേപം നടത്തുകയും ചെയ്ത പരാതിയിലാണു പോലീസ് വിഷ്ണുപ്രിയയെ അറസ്റ്റ് ചെയ്യുന്നത്.
സെക്രട്ടേറിയറ്റിലെയും മറ്റ് ജില്ലകളിലെയും ചില ഉന്നത ഉദ്യോഗസ്ഥർക്കും ഈ തട്ടിപ്പിൽ പങ്കുള്ളതായും സംശയമുണ്ട്.ഒരു കേസിൽ മാത്രം വിഷ്ണുപ്രിയ 2 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണക്ക് . വിഷ്ണുപ്രിയക്കെതിരെ മുൻപും പലരും പരാതികൾ നൽകിയിരുന്നു . എന്നാൽ ഇതിലൊന്നും നടപടികൾ ഉണ്ടായില്ല. ഇതിനിടെയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ചൂഷണം ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ കൊല്ലങ്കോട് പോലീസിനു ലഭിച്ചത്.
2021 ഫെബ്രുവരി 10 മുതൽ നവംബർ 11 വരെ കോളനിയിലെ പകൽവീട് വൃദ്ധസദനത്തിലായിരുന്നു അപ്സര ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്കിൽ ഡവലപ്പ്മെന്റ് എന്ന സ്ഥാപനത്തിന്റെ പേരിൽ വിഷ്ണുപ്രിയ ആദിവാസി യുവതികൾക്ക് പരിശീലനം നൽകിയത്. പരിശീലനത്തിനെത്തുന്നവർക്ക് പ്രതിദിനം 220 രൂപ വീതം നൽകണം എന്നാണ് പട്ടികവർഗ വകുപ്പിന്റെ വ്യവസ്ഥ. അത് നാലുമാസം കൊടുത്തിട്ടുണ്ട്. പിന്നീട് ആർക്കും ലഭിച്ചിട്ടില്ല
പരിശീലനം കഴിയുമ്പോൾ കോഴ്സ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് മാത്രമല്ല, സൗജന്യമായി നൽകേണ്ട പല വസ്തുക്കൾക്കും ദരിദ്രരായ യുവതികളിൽനിന്ന് പണം വാങ്ങുകയും ചെയ്തു. ദിവസം മൂന്നു മീറ്റർ തുണി, കത്രിക, സൂചി, അനുബന്ധ വസ്തുക്കൾ എന്നിവ പരിശീലനത്തിന് എത്തുന്ന യുവതികൾക്കു സൗജന്യമായി കൊടുക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ ഇതിനെല്ലാം പണം വാങ്ങിയതായി മുതലമടയിലെ യുവതികൾ പോലീസിനോട് പറഞ്ഞു.
വകുപ്പിൽനിന്നു വലിയ തുക കൈപ്പറ്റി തങ്ങളെ ചതിക്കുന്നവർക്കെതിരെ ചോദ്യം ഉന്നയിച്ചപ്പോൾ ‘നിന്റെ ജാതിയിൽപ്പെട്ടവർക്കൊക്കെ ഇത്രമതി, അത്രയൊക്കയേ തരാൻ പറ്റൂ’ എന്നായിരുന്നു വിഷ്ണുപ്രിയ പറഞ്ഞത്. പ്രതികരിച്ചവരെ ആവർത്തിച്ചു ജാതീയമായി അധിക്ഷേപിക്കുന്നതും അവരുടെ ശീലമായിരുന്നു.
മുതലമട തട്ടിപ്പിൽ വിഷ്ണുപ്രിയയെ അറസ്റ്റു ചെയ്യാൻ ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ പോലീസിനെതിരെയും വിഷ്ണുപ്രിയ ശബ്ദമുയർത്തി . ‘ഞാൻ ആരാണെന്നറിയാമോ ’ എന്നായിരുന്നു പോലീസിനോടുളള ചോദ്യം. കേസിന്റെ ഗൗരവത്തെപ്പറ്റി പോലീസ് പറഞ്ഞപ്പോൾ വിഷ്ണുപ്രിയ ബോധംകെട്ടു വീണു. ബോധം വന്നിട്ടും പോലീസ് വാഹനത്തിൽ കയറാൻ അവർ തയാറായില്ല. നിർബന്ധിച്ച് വാഹനത്തിൽ കയറ്റിയവരോട് നിന്നെയൊക്കെ കാണിച്ചുതരാം എന്നും സരിതാ നായരെപ്പോലെ എനിക്കും പലതും ചെയ്യാനാകുമെന്നും തിരുവനന്തപുരം വരെ എന്നെ സഹായിക്കാൻ ആളുകളുണ്ടെന്നും വിഷ്ണുപ്രിയ പോലീസിനെ വെല്ലുവിളിച്ചിരുന്നു.