അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കൊടക്കൽ സ്വദേശിയെ തിരൂർ പോലീസ് പിടികൂടി


തിരൂർ: കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് കഞ്ചാവ്, എംഡിഎംഎ തുടങ്ങി മാരക ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ കൊടക്കൽ സ്വദേശിയെ തിരൂർ പോലീസ് പിടികൂടി. തിരുന്നാവായ കൊടക്കൽ സ്വദേശിയായ ആയ അഴകത്ത്കളത്തിൽ സുധീഷ് (30) നെയാണ് കഴിഞ്ഞദിവസം പുലർച്ചെ കൊടക്കലിൽ വച്ച് പിടികൂടിയത്. മലപ്പുറം, പാലക്കാട് ,എറണാകുളം ജില്ലകളിലായി നിരവധി ലഹരിമരുന്ന് കേസുകളാണ് പ്രതിയുടെ പേരിൽ നിലവിലുള്ളത്. 22 കിലോ കഞ്ചാവ് പിടികൂടിയതിൽ പാലക്കാട് ജില്ലയിലും അഞ്ചുഗ്രാം എംഡിഎംഎ പിടികൂടിയതിൽ കൊച്ചി നഗരത്തിലും കേസുകൾ നിലവിലുള്ള പ്രതി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

മണൽകടത്ത് തൊഴിൽ ആക്കിയിരുന്ന പ്രതി കുറച്ചു വർഷങ്ങൾക്കു മുൻപാണ് ലഹരിമരുന്ന് വിൽപ്പനയിലേക്ക് കടക്കുകുന്നതെന്നും ഇപ്പോൾ കൊച്ചി നഗരത്തിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ള ആളാണെന്നും പോലീസ് പറഞ്ഞു. തിരൂർ പോലീസ് ഇൻസ്പെക്ടർ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ ജലീൽ കറുത്തേടത്ത്, ഗ്രേഡ് എസ്.ഐ മുരളി സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത് , ഉണ്ണിക്കുട്ടൻ, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.