തീർത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞു; 25 മരണം
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തീർത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 25 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 28 പേരാണ് ബസിൽ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ പന്നയിൽനിന്ന് യമുനോത്രി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്.


രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് എത്തിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. എൻഎച്ച് 94 ൽ റിഖാവു ഘട്ടിന് സമീപമാണ് അപകടം ഉണ്ടായതെന്ന് ഉത്തരകാശി ദുരന്തനിവാരണ സേന ഉദ്യോഗസ്ഥൻ ദേവേന്ദ്ര പട്വാൽ അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം നൽകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഡെറാഡൂണിലേക്ക് പുറപ്പെട്ടു.
