സൗദി അറേബ്യയിൽ വാഹനാപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസിൽ തിങ്കളാഴ്ചയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശികളായ കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. തൂവലിൽ ബന്ധുക്കളോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു കുടുംബം. മടങ്ങി വരുന്നതിനിടെ ഖുലൈസിൽവെച്ച് അപകടം സംഭവിക്കുകയായിരുന്നു.

ജിദ്ദ ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഇഖ്റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥി അനസ് എന്നിവരും ഇവരുടെ ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും സഹോദരങ്ങളാണ്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം എല്ലാവരുടെയും മൃതദേഹം ബുധനാഴ്ച സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.