തിരൂർ ആർ എം എസ് ഓഫീസ് അടച്ചു പൂട്ടരുത്: ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി, ചീഫ് പി എം ജി ക്ക് കത്തയച്ചു

തിരൂർ: ചെലവ് ചുരുക്കലിന്റെ ഭാഗമായി ജില്ലയിലെ തപാൽ വകുപ്പിന്റെ ഏക റെയിൽവേ മെയിൽ സർവീസ് സെന്റർ ആയ തിരൂർ ആർ എം എസ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രസ്തുത ഓഫീസ് അവിടെത്തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് പോസ്റ്റ്‌ മാസ്റ്റർ ജനറലിന് ഇ.ടി.മുഹമ്മദ്‌ ബഷീർ എം.പി കത്തയച്ചു.

ഓഫീസ് നിർത്തലാക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി സേവനങ്ങൾ മറ്റു സെന്ററുകളിലേക്ക് മാറ്റിയ ശേഷം പൂർണ്ണമായും അടച്ചു പൂട്ടാനാണ് നീക്കം.
ജില്ലയിലെ തപാൽ ഓഫീസുകളിൽ നിന്നുള്ള തപാൽ ഉരുപ്പടികൾ എല്ലാം തരം തിരിച്ചയക്കുന്നത് തിരൂർ ആർ എം എസിൽ നിന്നാണ് . ജില്ലയിലെ തപാൽ ഓഫീസുകളിൽ പോസ്റ്റ് ചെയ്യുന്ന ഉരുപ്പടികൾ അതാത് ദിവസം രാത്രി തന്നെ തിരൂരിൽ എത്തിച്ചു തരം തിരിച്ചു പിറ്റേന്ന് തന്നെ ജില്ലയിലെ തപാൽ ഓഫീസുകളിൽ മേൽവിലാസക്കാരനെ തേടി എത്തിയിരുന്നു. തിരൂർ ആർ.എം.എസ് പൂട്ടുന്നതോടെ അതെല്ലാം കോഴിക്കോട്, തൃശൂർ ആർ എം എസുകളിലേക്ക് അയക്കുന്നതോടെ തപാൽ ഉരുപ്പടികൾ ജില്ലയിലെ മേൽവിലാസക്കാരന് കിട്ടാൻ ദിവസങ്ങൾ വൈകും.

തിരൂർ ഓഫിസ് പൂട്ടുന്നതോടെ അവിടെയുള്ള രജിസ്റ്റർഡ് തപാൽ ഉരുപ്പടികൾ തരം തിരിക്കുന്നത് കോഴിക്കോട് ആർ.എം.എസിലേക്ക് മാറ്റും. ഇവ മാറ്റിയാൽ പിന്നെ സാധാരണ കത്തുകൾ മാത്രമെ കൈകാര്യം ചെയ്യാനുണ്ടാവുകയുള്ളു. തുടർന്ന് കോഴിക്കോട്, തൃശൂർ ആർ എം എസുകളിൽ ലയിപ്പിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്.
ഈ മാറ്റം നിലവിൽ വന്നാൽ മലപ്പുറം ഹെഡ് ഓഫീസിൽ നിന്ന് അയക്കുന്ന ഒരു രജിസ്റ്റർഡ് കത്ത് തൊട്ടടുത്ത സ്ഥലങ്ങളിൽ പോലും എത്താൻ, ആ കത്ത് കോഴിക്കോട് അല്ലെങ്കിൽ ചില ഘട്ടങ്ങളിൽ തൃശൂർ ആർ.എം.എസ് വരെ പോയി വരണം.

തപാൽ വകുപ്പിന്റെ ഈ നീക്കത്തിലൂടെ
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയിൽ ഉള്ളവർക്ക് ആണ് ഈയൊരു ദുർഗതിയുണ്ടാവുക.
ജില്ലയിൽ തിരൂർ ആർ.എം.എസിന് കീഴിലുള്ള തപാൽ ഓഫീസുകളിൽ ദിവസവും ശരാശരി 3500 ഓളം വീതം സ്പീഡ് പോസ്റ്റ് ഉരുപ്പടികളും രജിസ്റ്റർഡ് ഉരുപ്പടികളും ബുക്ക്‌ ചെയ്യുന്നുണ്ട്. ഇതെല്ലാം കോഴിക്കോടും തൃശൂരും പോകാതെ തിരൂരിൽ തന്നെ തരം തിരിച്ചാൽ പോസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ ജില്ലയിലെ മേൽവിലാസക്കാരന് കിട്ടും. അതിനു തിരൂർ ആർ.എം.എസിന് ഇൻട്ര സർക്കിൾ ഹബ് എന്ന പദവി നൽകുകയാണ് വേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ആർ. എം. എസ് തിരൂരിൽ നില നിർത്തുന്നതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും ഇ. ടി വ്യക്തമാക്കി