തിരൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കുന്നു

തിരൂര്‍: കാലങ്ങളായി കാടുപിടിച്ചു കിടക്കുന്ന കോരങ്ങത്തെ കുട്ടികളുടെ പാര്‍ക്ക് വീണ്ടും തുറക്കുന്നു. പുതിയ തരം റൈഡുകളും കളിയുപകരണങ്ങളുമായാണ് വീണ്ടും തുറക്കുന്നത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോരങ്ങത്ത് മൈതാനിയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങുന്നത്. ആദ്യകാലത്ത് നിരവധി പേര്‍ കുട്ടികളുമായെത്തുമായിരുന്നു. ക്രമേണ പാര്‍ക്കിലെ കളിയുപകരണങ്ങളുള്‍പ്പടെ എല്ലാം നശിക്കാന്‍ തുടങ്ങി. കളിയുപകരണങ്ങള്‍ തുരുമ്പെടുത്തതോടെ കുട്ടികളുമായി മാതാപിതാക്കള്‍ എത്താന്‍ മടിച്ചു. ഇതോടെ ഇവിടെയുണ്ടായിരുന്ന കഫ്റ്റീരിയയും പൂട്ടി. ഒടുവില്‍ സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയതോടെ ചില്‍ഡ്രന്‍സ് പാര്‍ക്ക് പൂട്ടിയിടുകയായിരുന്നു. കോവിഡ് കാലമായതോടെ പൂര്‍ണമായും കാടുപിടിച്ചു.


നിലവില്‍ സ്വകാര്യ ടൂറിസം ഏജന്‍സിയെ എല്‍പ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. തിരൂര്‍ പുഴ ടൂറിസം മാതൃകയില്‍ ചിലരെല്ലാം നഗരസഭയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു കോടിയോളം രൂപ ചെലഴിച്ച് നൂതന റൈഡുകള്‍ സ്ഥാപിക്കുന്നതിനായി പല ഏജന്‍സികളും പ്രൊപ്പോസലുകള്‍ നഗരസഭയ്ക്ക് നല്‍കിക്കഴിഞ്ഞു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായേക്കുമെന്നാണ് സൂചന. ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കുന്നതോടെ കോരങ്ങത്ത് മേഖലയിലെ വ്യാപാരികള്‍ക്കും ഏറെ ഗുണപ്രദമാകുമെന്നാണ് വിലയിരുത്തല്‍.