സാങ്കേതിക തകരാർ മൂലം അലാം മുഴങ്ങി; ഗോ എയര്‍ വിമാനം അടിയന്തരമായി ഇറക്കി
കോയമ്പത്തൂര്‍: ബെംഗളൂരുവില്‍നിന്ന് മാലിദ്വീപിലേക്കുപോയ ഗോ എയറിന്റെ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ സ്മോക് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകള്‍ അമിതമായി ചൂടായതിനെ തുടര്‍ന്നാണ് അലാം മുഴങ്ങിയത് എന്നാണ് ആദ്യം പുറത്തുവന്ന വിവരം.
എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ എഞ്ചിന് തകരാറുകളൊന്നുമില്ലെന്ന് കണ്ടെത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അലാം അടിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവളം അധികൃതരുംവ്യക്തമാക്കി. പരിശോധനയ്ക്ക് ശേഷം വിമാനം യാത്ര പുനഃരാരംഭിച്ചു. അടുത്തിടെ സമാനമായ സാഹചര്യത്തില്‍ ഗോ എയറിന്റെ രണ്ട് വിമാനങ്ങള്‍ തിരിച്ചിറക്കിയിരുന്നു. മുംബൈ- ലേ, ശ്രീനഗര്‍ – ന്യൂഡല്‍ഹി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് തിരിച്ചിറക്കിയത്.