അഞ്ചാം പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും
ജില്ലയില്‍ അഞ്ചാം പനി കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും രോഗപ്രതിരോധത്തിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, നെഹ്റു യുവക് കേന്ദ്ര , അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൂട്ടായ പ്രവര്‍ത്തനം നടത്തും. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ മേഖലകളിലാണ് ജില്ലയില്‍ രോഗ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാക്സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിലൂടെ മാത്രമേ രോഗപ്രതിരോധം ശക്തിപ്പെടുത്താനാവൂ എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന്‍ നിരക്ക് 70 ശതമാനത്തില്‍ കുറഞ്ഞ ബ്ലോക്കുകളിലാണ് ആദ്യ ഘട്ടത്തില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. അധ്യാപകരുടെയും എന്‍.എസ്.എസ്, എസ്.പി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിവയുടെയും സഹകരണത്തോടെ, വാക്സിനേഷന്‍ നടത്താത്ത കുട്ടികളെ കണ്ടെത്തും. രക്ഷിതാക്കളെയും ബോധവത്കരിക്കും. അധ്യാപകരും വിദ്യാര്‍ഥികളും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പനി ബാധിച്ച കുട്ടികളെ സ്കൂളില്‍ അയക്കരുത്. പനിയും അഞ്ചാംപനി ലക്ഷണങ്ങളും കാണിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പു് അധികൃതര്‍ക്ക് കൈമാറാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കല്‍പകഞ്ചേരി പഞ്ചായത്തിലെ സ്കൂളുകളില്‍ പി.ടി.എ യോഗം ചേരും.
രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ ആരോഗ്യവകുപ്പ്, ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ദിവസേന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലാതലത്തില്‍ ഡി.എം.ഒ, ജില്ലാ വികസന കമ്മീഷണര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ദിവസേന അവലോകന യോഗം നടത്തും. വാക്സിനേഷന്‍ ക്യാമ്പിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ ശക്തമായ ബോധവത്കരണം നടത്തും. ജില്ലയില്‍ നിലവില്‍ നൂറോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എം.ആര്‍ വാക്സിന്‍ 14400 ഡോസും വിറ്റാമിന്‍ എ 80000 ഡോസും ജില്ലയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, തിരൂര്‍ സബ്കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, അസിസ്റ്റന്റ് കളക്ടര്‍ കെ. മീര, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ഡി.എം.ഒ ഡോ: രേണുക, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.