പുറത്തൂര്‍ തോണി ദുരന്തം: ആശ്രിതര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചു

 

പുറത്തൂരില്‍ കക്ക വാരി മടങ്ങുന്നതിനിടെ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു. അപകടത്തില്‍ മരണപ്പെട്ട പുറത്തൂര്‍ വില്ലേജിലെ അബ്ദുള്‍ സലാം, അബൂബക്കര്‍, റുഖിയ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കും. ഇതോടൊപ്പം മരണാനന്തര ക്രിയകള്‍ക്കുള്ള ധനസഹായമെന്ന നിലയില്‍ 40,000 രൂപയും അനുവദിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച സൈനബയുടെ രണ്ട് കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം വനിതാ ശിശുക്ഷേമ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വഹിക്കും.

 

ഭാരതപ്പുഴയില്‍ നവംബര്‍ 19ന് ഉച്ചയോടെ കക്ക വരാന്‍ പോയ നാല് സ്ത്രീകളുള്‍പ്പെടുന്ന ആറംഗ സംഘമാണ് കരയിലേക്ക് മടങ്ങുന്നതിനിടെ തോണി മുങ്ങി ഒഴുക്കില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരാണ് മരണപ്പെട്ടത്. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം (55), കുഴിയിനി പറമ്പില്‍ അബൂബക്കര്‍ (65), ഈന്തു കാട്ടില്‍ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. ചക്കിട്ടപറമ്പില്‍ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവര്‍ സംഭവത്തില്‍ രക്ഷപ്പെട്ടു. ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കവെ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞിരുന്നു.