കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടി

 

കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മാധ്യമപ്രവർത്തകരുടെ നേരെയും കയ്യേറ്റം ഉണ്ടായി. സംഘർഷത്തിൽ 5 എൽഡിഎഫ് കൗൺസിലർമാർക്കും 1 യുഡിഎഫ് കൗൺസിലർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

പിഎൻബി തട്ടിപ്പ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തര പ്രമേയത്തെ തുടർന്നുള്ള ബഹളമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. പിഎൻബി തട്ടിപ്പ് കോഴിക്കോട് കൗൺസിൽ യോഗത്തിൽ അടിയന്തരപ്രമേയമായി യുഡിഎഫും ബിജെപിയും ഉന്നയിച്ചു.

 

തൊട്ടുപിന്നാലെ വിഷയത്തിൽ സ്വീകരിച്ച നിലപാട് മേയർ വ്യക്തമാക്കി. പിഎൻബി തട്ടിപ്പിൽ ഏത് അന്വഷണവും സ്വാഗതം ചെയ്യുന്നുവെന്ന് മേയർ പറഞ്ഞു. അടിയന്തര സ്വഭാവമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയം മേയർ തള്ളി. തുടർന്ന് പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിഷേധിച്ച 15 പ്രതിപക്ഷ കൗൺസിലർമാരെ ഒരു ദിവസത്തേക്ക് സസ്പെൻഡു ചെയ്തു. ഇതിന് പിന്നാലെ സംഘർഷമുണ്ടാകുകയായിരുന്നു. പൊലീസ് എത്തിയാണ് ഇരുവിഭാ​ഗത്തേയും കോർപറേഷനിൽ നിന്ന് മാറ്റിയത്.