തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനായി നിർത്തിവച്ചിരുന്ന ഇന്ധന വിലവർധിപ്പിക്കൽ‌ കേന്ദ്ര സർക്കാർ വീണ്ടും ആരംഭിച്ചു. തുടർച്ചയായ എട്ടാം ദിവസത്തെ വില കൂട്ടലിൽ കൊച്ചിയിൽ പെട്രോളിന് 74 പൈസയും ഡീസലിന് 1.37 രൂപയും വർധിച്ചു.

 

വെള്ളിയാഴ്‌ച കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 82.03 രൂപയും ഡീസലിന് 75.78 രൂപയുമാണ് ഈടാക്കിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 83.89 രൂപയും ഡീസലിന് 77.54 രൂപയും കോഴിക്കോട് പെട്രോളിന് 82.38 രൂപയും ഡീസലിന് 76.15 രൂപയുമായി. ​ഗതാ​ഗതച്ചെലവ് കൂടുന്നതിനാലാണ്‌ മറ്റിടങ്ങളിൽ കൊച്ചിയേക്കാൾ വില കൂടുന്നതെന്ന്‌‌ എണ്ണക്കമ്പനികൾ പറയുന്നു.

 

ദിവസവും രാത്രി 12 മുതൽ ഇന്ധനവില വർധിപ്പിക്കുന്ന രീതിയായിരുന്നു മുമ്പുണ്ടായിരുന്നത്. ഇപ്പോൾ ദിവസവും രാവിലെ ആറുമുതൽ കൂട്ടും. എണ്ണക്കമ്പനികൾ രാവിലെ ഡീലർമാർക്ക് വില എസ്എംഎസായി അയക്കും‌. രണ്ടുവർഷംമുമ്പുവരെ പമ്പുകളിലെ വിലനിലവാരം ദിവസവും മാറ്റി ക്രമീകരിക്കണമായിരുന്നു. ഇപ്പോൾ കമ്പനി നിയന്ത്രണത്തിൽ വില മാറ്റുന്ന ഓട്ടോമോഷൻ സംവിധാനമാണെന്ന് പമ്പുടമകൾ പറയുന്നു.

 

അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്‌ക്ക്‌ വില കൂടി എന്നാണ് വിലവർധനവിന്‌ എണ്ണക്കമ്പനികൾ ന്യായം പറയുന്നത്. കോവിഡ് പ്രതിസന്ധിയിലെ ഇന്ധന വിലവർധന വിലക്കയറ്റത്തിന് ഇടയാക്കും.