തിരൂര്‍: 170ാമത് വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങള്‍ നേര്‍ച്ചയെ വരവേല്‍ക്കാന്‍ ഒരുങ്ങി ബി.പി അങ്ങാടി. മത സഹോദര്യത്തിന്റെ പെരുമ വിളംബരം ചെയ്യുന്ന പുതിയങ്ങാടി നേര്‍ച്ചയുടെ കൊടിയേറ്റം ഞായറാഴ്ച നടക്കും. കോവിഡാനന്തരം വിപുലമായി നേര്‍ച്ച വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. നേര്‍ച്ച മിഠായിയും വിനോദോപകരണങ്ങളും കിലോമീറ്ററുകളോളം അണിനിരന്നതോടെ ബി.പി അങ്ങാടി ആഘോഷത്തിരക്കിലേക്ക് മാറി. ഇന്ന് മുതല്‍ നാലുനാള്‍ ഇവിടത്തുകാര്‍ക്ക് ഉത്സവ ദിനങ്ങളാണ്. അമ്പാട്ട് കുടുംബാംഗം കുമാരന്റെ നേതൃത്വത്തില്‍ നടന്ന ചെറിയ കൊടിയേറ്റം കഴിഞ്ഞ ദിവസം നടന്നു.
ഞായറാഴ്ച (ഇന്ന്)11 മണിക്ക് നിരവധി അരിച്ചാക്കുകളുമായി കഞ്ഞിക്കാരുടെ വരവ് പുറപ്പെടുന്നതോടെ നേര്‍ച്ചക്ക് തുടക്കമാകും. ഈ അരിച്ചാക്ക്് ജാറത്തിലെത്തിയാല്‍ കഞ്ഞി വച്ച് വിതരണം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ന് ആനകളുടെയും വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടികളോടെ തിരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും പതാകയുമായി വരവ് പുറപ്പെടും. ഡിവൈഎസ്പി വിവി ബെന്നി നേതൃത്വം നല്‍കും. വരവ് പൂഴികുംന്ന് വരെ പോയി മഖാമിലെത്തിയാല്‍ പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷം കൊടിയേറ്റം നടക്കും. ബുധനാഴ്ച പുലര്‍ച്ചെ വാക്കാട് നിന്നുള്ള ചാപ്പക്കാരുടെ വരവ് ജാറത്തിലെത്തി കമ്പം കത്തിക്കുന്നതോടെ നേര്‍ച്ചക്ക് സമാപനമാകും.
കരുണ മുഖമുദ്രയാക്കിയ വെട്ടത്തു നാട്ടിലെ സൂഫി
19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് യാഹും തങ്ങള്‍ പുതിയങ്ങാടിയില്‍ എത്തുന്നത്. സൂഫി കുടുംബാംഗമായ തങ്ങള്‍ തമിഴ്‌നാട്ടിലെ ആര്‍ക്കാട് ആണ് ജനനം. കുറെ കാലം പ്രാര്‍ത്ഥനയില്‍ മുഴുകിയുള്ള നിശബ്ദ ജീവിതം. ചെറിയ കുട്ടികളെ വലിയ ഇഷ്ടമായിരുന്ന തങ്ങള്‍ കുട്ടികള്‍ക്ക് മൈതാനത്ത് വച്ച് സ്വയം പാചകം ചെയ്ത ഭക്ഷണം നല്‍കല്‍ പതിവായിരുന്നു. ആ കാലഘട്ടത്തില്‍ മമ്പുറം തങ്ങളുമായി വലിയ അടുപ്പമായിരുന്നു തങ്ങള്‍ക്ക്. കൂടാതെ പുല്ലൂണിക്കാവ് ക്ഷേത്രം ,വൈരങ്കോട് ക്ഷേത്രം എന്നിവടങ്ങളില്‍ തങ്ങള്‍ക്ക് വലിയ സ്ഥാനവും ഇരിപ്പിടവും ഉണ്ടായിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു. തങ്ങള്‍ക്ക് കുട്ടികളുമായുള്ള സ്‌നേഹ ബന്ധത്തിന്റെ സൂചനയാണ് ഇന്നും ധാരാളം ആളുകള്‍ ജാതി മതഭേതമന്യ കുട്ടികളുടെ അസുഖങ്ങള്‍ക്ക് ഇവിടെ വന്ന് സങ്കടം പറയുകയും നേര്‍ച്ചയും വഴിപാടുകളും നല്‍കി വരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് മകരമാസത്തിലെ ഒരു കൊയ്ത്ത് ഉത്സവം വെട്ടത്ത് നാട്ടില്‍ നടക്കുന്നതിനു പകരം യാഹൂം തങ്ങളുടെ നേര്‍ച്ച ആഘോഷിച്ചത് അന്നത്തെ ബ്രിട്ടീഷ് വൈസ്രോയിയുടെ നേതൃത്വത്തിലായിരുന്നു. ഇടക്കാലത്തെ ഇടവേളക്കു പുറമെ വസൂരിയുടെയും വെള്ളപ്പൊക്കത്തിന്റെയും കാലങ്ങളൊഴിച്ചാല്‍ രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള പുതിയങ്ങാടി നര്‍ച്ച ഇന്നും മുടങ്ങാതെ നടന്നു വരുന്നു.
ബ്രിട്ടീഷ് കാലത്ത് പാരമ്പര്യമായി പകര്‍ന്നു നല്‍കിയ ആചാര അനുഷ്ഠാനങ്ങള്‍
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഡിസ്ട്രിക്ട് ബോര്‍ഡ് വൈസ്രോയിയുടെ നേതൃത്വത്തിലായിരുന്നു പുതിയങ്ങാടി നേര്‍ച്ചക്ക് ചില ചിട്ടവട്ടങ്ങള്‍ രൂപപ്പെടുത്തിയത്. പ്രദേശത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആയിരിക്കണം നേര്‍ച്ചയുടെ കൊടി കൈമാറേണ്ടത്. ഇന്നും പൊലീസ് സ്‌റ്റേഷനില്‍ നിന്നും പതാക കൈമാറി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയാണ് നേതൃത്വം നല്‍കുന്നത്. മതേതര ആഘോഷമെന്ന നിലയില്‍ അമ്പാട്ട് കുടുംബത്തിനാണ് ചെറിയ കൊടിയേറ്റത്തിന്റെ ചുമതല. നേര്‍ച്ച ദിവസം വിളക്ക് തെളിയിക്കാനുള്ള ചുമതല പ്രദേശത്തെ നായര്‍ കുടുംബത്തിനാണ്. നേര്‍ച്ചയുടെ വിളംബരം മാങ്ങാട്ടിരിയിലെ ആവേന്‍ കുടുംബത്തിനുമാണ്. മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന കഞ്ഞിക്കാരുടെ വരവും തീരദേശത്ത് നിന്നും എത്തുന്ന മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ചാപ്പക്കാരുടെ വരവിനും രണ്ട് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. വിശ്വാസത്തിനപ്പുറത്ത് എല്ലാ മനുഷ്യരെയും ചേര്‍ത്തു ഒന്നിപ്പിക്കുന്ന പ്രതീകമാണ് യാഹും തങ്ങള്‍ ജാറം. ശബരിമല തീര്‍ത്ഥാടകര്‍ മഖ്ബറില്‍ ദര്‍ശനം നടത്തി ഇവിടെ വിശ്രമിക്കുന്നത് കാലങ്ങളായുള്ള രീതിയാണ്. പാരമ്പര്യം കൈവിടാതെ മതേതര ഐക്യവും സ്‌നേഹവും കാത്തു സൂക്ഷിച്ചാണ് ഇന്നും നേര്‍ച്ചയുടെ നടത്തിപ്പ്. ജാതി മത ര്ഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിക്കുന്ന, പൊലീസ് റവന്യു ഉദ്യോഗസ്ഥരടക്കം അണിനിരക്കുന്ന ഇടം കൂടിയാണ് നേര്‍ച്ചയിലെ കൊടിയേറ്റ വരവ്. രജിസ്‌റ്റേര്‍ഡ് ആയി രൂപീകരിച്ച നേര്‍ച്ച സംരക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിലാണ് 2000 മുതല്‍ നേര്‍ച്ച നടത്തിവരുന്നത്.