മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകിയ ജിതേന്ദ്ര നാരായൺ ത്യാഗിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി പരാമർശം. മതേതരത്വം സംബന്ധിച്ച കേസ് നൽകിയ ആളുടെ ഹർജി മതേതരമായി തോന്നുന്നില്ല എന്നും, ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നത് അന്യായമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. മതത്തിന്റെ പേരിലുള്ള പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജിക്കാരൻ മതനിരപേക്ഷ വാദിയായിരിക്കണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം. 75 വർഷമായി രാജ്യത്ത് പ്രവർത്തിച്ചു വരുന്ന പാർട്ടിയാണ് മുസ്ലിംലീഗെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഈ പാർട്ടി നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മുസ്ലിംലീഗിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. പാർട്ടിക്ക് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് എതിർ സത്യവാങ്മൂലം ഫയൽ ചെയ്തത്.
കേസിലെ ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും ഇയാൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും മുസ്ലിംലീഗ് കോടതിയെ അറിയിച്ചു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇയാൾക്കെതിരെ കേസുള്ള കാര്യവും അറസ്റ്റ് ചെയ്യപ്പെട്ട കാര്യവും മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. ഹർജിയിൽ മുസ്ലിം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്ന കാര്യവും ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി . ശിവസേന, ഹിന്ദു ജാഗരൺ മഞ്ച്, അകാലി ദൾ തുടങ്ങിയ പാർട്ടികളെയൊന്നും കക്ഷി ചേർത്തിട്ടില്ല. ഇത് ഹർജിക്കാരന്റെ താൽപര്യം വ്യക്തമാക്കുന്നതാണ്. ബി.ജെ.പി പിന്തുണയോടെ പ്രവർത്തിക്കുന്ന ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിക്കെതിരെ മറ്റ് അഭിഭാഷകരും ആഞ്ഞടിച്ചു.
ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതാണെന്ന് മറ്റു കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചത്. കേസ് വിശദമായ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും അതിനാൽ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് ജസ്റ്റിസ് എം.ആർ ഷാ വ്യക്തമാക്കി. ഹർജികൾ മാർച്ച് 20ലേക്ക് വിശദമായ വാദം കേൾക്കാൻ മാറ്റി. തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുള്ള മുസ്ലിംലീഗിന്റെ മതേതര പാരമ്പര്യം വ്യക്തമാക്കുന്ന വിശദമായ എതിർ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്. മതഭ്രാന്തനായ ഹർജിക്കാരൻ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണെന്നും മുസ്‌ലിംലീഗ് ആരോപിച്ചു. അഡ്വ. ദുഷ്യന്ത് ദവെ, അഡ്വ. ഹാരീസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് മുസ്‌ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്.