
കോൺഗ്രസ് നേതാവ് എം.കെ. രാഘവൻ എം.പിയെ തള്ളി കോഴിക്കോട് ഡിസിസി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് റിപ്പോർട്ട് കൈമാറി. പാർട്ടി വേദിയിൽ പറയേണ്ടത് പരസ്യമായി പറയരുത് എന്ന നിർദേശം കോൺഗ്രസിലും ഉണ്ടെന്നും എന്നാൽ എം കെ രാഘവൻ പറഞ്ഞത് മാധ്യമങ്ങളിലൂടെ ലോകം കണ്ടതാണെന്നും പ്രവീൺ കുമാർ പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് നൽകിയ രഹസ്യ റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവേദിയിലെ പരസ്യ വിമർശനം ശരിയായില്ലെന്ന അഭിപ്രായമാണ് കോഴിക്കോട് ഡിസിസിയുടേത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം ചേർത്താണ് ഇ-മെയിൽ വഴി റിപ്പോർട്ട് നൽകിയത്. തിരിച്ചു വരാൻ ശ്രമിക്കുന്ന കോൺഗ്രസ് പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു പരാമർശവും നേതാക്കളിൽ നിന്ന് ഉണ്ടാകാൻ പാടില്ല. അത് കൊണ്ട് കൂടിയാണ് കെപിസിസി പ്രസിഡൻ്റ് അടിയന്തര റിപ്പോർട്ട് തേടിയത്. ഇതനുസരിച്ചാണ് സംഭവത്തിന്റെ ചൂടാറും മുമ്പേ കോഴിക്കോട് ഡിസിസി റിപ്പോർട്ട് നൽകിയത്.
കെ.പി.സി.സി. നേതൃത്വത്തിതിനെതിരായ എം.കെ. രാഘവൻ എം.പിയുടെ വിമര്‍ശനത്തില്‍ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു’ രാഘവന്റെ പരാമര്‍ശം. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപ്പാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ. രാഘവന് കോഴിക്കോട്ട് പറഞ്ഞിരുന്നു.
