വനിതാ പ്രീമിയർ ലീഗ് നാളെ മുതൽ; ഉദ്ഘാടന മത്സരത്തിൽ മുംബൈ ഗുജറാത്തിനെ നേരിടും

വനിതാ പ്രീമിയർ ലീഗ് നാളെ മുതൽ. മുംബൈയിലെ മൂന്ന് വേദികളിലായി നടക്കുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരം നാളെ രാത്രി 7.30ന് ഡി-വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കും. ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസും ബെത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയൻ്റ്സും തമ്മിലാണ് പോരാട്ടം. ജയത്തോടെ ടൂർണമെൻ്റ് ആരംഭിക്കുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.

ഹർമൻപ്രീത് കൗറിനൊപ്പം ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സിവർ, വിൻഡീസ് ഓൾറൗണ്ടർ ഹേലി മാത്യൂസ്, കിവീസ് ഓൾറൗണ്ടർ അമേലിയ കെർ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്ലോയി ട്രയോൺ, ഇംഗ്ലണ്ട് ഓൾറൗണ്ടർ ഇസി വോങ്ങ്, ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഹെതർ ഗ്രഹാം തുടങ്ങി മികച്ച രാജ്യാന്തര താരങ്ങളും പൂജ വസ്ട്രാക്കർ, യസ്തിക ഭാട്ടിയ തുടങ്ങി മികച്ച ഇന്ത്യൻ കാപ്പ്ഡ് താരങ്ങളും മുംബൈയിലുണ്ട്. എന്നാൽ, അൺകാപ്പ്ഡ് താരങ്ങളെ ടീമിലെത്തിക്കുന്നതിൽ ഫ്രാഞ്ചൈസിക്ക് പിഴവുപറ്റിയെന്നാണ് വിലയിരുത്തൽ.

മറുവശത്ത് ഓസീസ് ഓൾറൗണ്ടർമാരായ ആഷ്ലി ഗാർഡ്നർ, അന്നബെൽ സതർലൻഡ്, ഇംഗ്ലണ്ട് ഓൾറൗണ്ടർ സോഫിയ ഡങ്ക്ലി, വിൻഡീസ് ഓൾറൗണ്ടർ ദിയേന്ദ്ര ഡോട്ടിൻ, ഓസീസ് വിക്കറ്റ് കീപ്പർ ബെത്ത് മൂണി, ഓസീസ് ബൗളർ ജോർജിയ വെയർഹാം എന്നിവരാണ് ഗുജറാത്ത് നിരയിലെ വിദേശികൾ. ഒപ്പം സബ്ബിനേനി മേഘന, ഡയലൻ ഹേമലത, ഹർലീൻ ഡിയോൾ, സുഷമ വർമ, സ്നേഹ് റാണ, മാൻസി ജോഷി തുടങ്ങിയ ഇന്ത്യൻ കാപ്പ്ഡ് താരങ്ങളുമുണ്ട്.

വനിതാ പ്രീമിയർ ലീഗ് മാസ്കോട്ടായി ‘ശക്തി’ എന്ന പെൺ കടുവയെ അവതരിപ്പിച്ചിരുന്നു. ഡബ്ല്യുപിഎലിൻ്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് കരുത്തിൻ്റെ പ്രതീകമായി ശക്തിയെ അവതരിപ്പിച്ചത്. മാസ്കോട്ടിനൊപ്പം പ്രീമിയർ ലീഗിൻ്റെ ഔദ്യോഗിക ഗാനവും അവതരിപ്പിച്ചു.