അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി ഉൾപ്പടെ 130 പേരുടെ രാജി മരവിപ്പിച്ചു; സമവായത്തിനൊരുങ്ങി സമസ്ത
സിഐസി സമസ്ത വിവാദത്തിൽ സമവായത്തിനൊരുങ്ങി സമസ്ത. ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി ഉൾപ്പടെ നൂറ്റി മുപ്പത് പേരുടെ രാജി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മരവിപ്പിച്ചു. ഹക്കീം ഫൈസി ഉൾപ്പടെ മുഴുവൻ പേരോടും വീണ്ടും ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കനത്ത പ്രതിഷേധത്തെ തുടർന്നാണ് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനം.
സമസ്ത സിഐസി വിവാദത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ സമസ്ത മുശാവറ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയാണ് ചുമതലപ്പെടുത്തിയത്. അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരിയുടെ രാജിയോടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം കനക്കുകയും സിഐസി പ്രവർത്തനം പൂർണതോതിൽ സ്തംഭിക്കുകയും ചെയ്തതോടെയാണ് സമസ്ത നിലപാട് മയപ്പെടുത്തിയത്.
ഹക്കീം ഫൈസി ആദൃശേരിക്ക് ഒപ്പം രാജിവെച്ച നൂറ്റിമുപ്പത് പേരോടും തിരികെ വരാൻ ആവശ്യപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് മുതൽ പഴയ രീതി തുടരാൻ ആവശ്യപ്പെട്ടു. അതിനാൽ ഹക്കീം ഫൈസി ഉൾപ്പടെ മുഴുവൻ പേരും ഇന്ന് മുതൽ സിഐസി യിൽ വീണ്ടും സജീവമാകും. നിലവിൽ സിഐസിയുടെ നിയമ പ്രകാരം ജനറൽ ബോഡി യോഗം വിളിച്ച് അതിൽ ചർച്ച ചെയ്താണ് രാജി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാവുക. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജനറൽ ബോഡി യോഗം വിളിച്ചാലും അത് സമസ്ത്തക്ക് അനുകൂലമാവില്ല. കൂടാതെ വാഫി വഫിയ്യ സംവിധാനം പൂർണമായും സ്തംഭിച്ച അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് സമസ്തയും, സാദിഖലി തങ്ങളും സമവായത്തിന് ഒരുങ്ങിയത്.
അതേ സമയം, വിഷയത്തിൽ ഇനി സോഷ്യൽ മീഡിയാ ചർച്ചകളും, മാധ്യമങ്ങളിൽ പരസ്യ പ്രതികരണവും നടത്താൻ പാടില്ലെന്ന് സിഐസി മാനേജ്മെൻറ് നിർദേശം നൽകിയിട്ടുണ്ട്. കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഹക്കീം ഫൈസി ആദൃശേരി ഫെബ്രുവരി 22 നാണ് രാജിവെച്ച് ഒഴിഞ്ഞത്.