ഇന്ത്യയുടെ അവസാന ഏകദിന ലോകകപ്പ് നേട്ടത്തിന് ഇന്ന് 12 വയസ്സ്
മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 12 വർഷം. 2011 ഏപ്രിൽ രണ്ടിനായിരുന്നു ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ആതിഥേയരായ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്. ഇന്ത്യ വേദിയാകുന്ന മറ്റൊരു ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, വീണ്ടുമൊരു കിരീടം സ്വപ്നം കാണുന്നുണ്ട് ആരാധകർ.
വാംഖഡെയിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിൽ നിന്ന് കാണികൾക്ക് ഇടയിലേക്ക് ഉയർന്നു പൊന്തിയ പന്തിനൊപ്പം സഞ്ചരിച്ചത്,100 കോടിയലധികം ഇന്ത്യക്കാരുടെ പ്രതീക്ഷയായിരുന്നു. കപിലിന്റെ ചെകുത്താന്മാർ നാട്ടിലെത്തിച്ച കിരീടത്തെ കുറിച്ച് മുത്തശ്ശിക്കഥയിലെന്ന പോലെ കേട്ട പുതു തലമുറയ്ക്ക് വാംഖഡെയിൽ ടീം ഇന്ത്യ വിരുന്നൊരുക്കി. പാഞ്ഞടുത്ത സിംഹള വീര്യത്തെ തച്ചു തകർത്ത് 28 വർഷത്തിനിപ്പുറം ലോക കിരീടം ഇന്ത്യയുടെ കയ്യിലെത്തി.
ഇതിഹാസ പ്രയാണത്തിൽ ലോകകിരീടം എന്ന ശൂന്യത മാത്രം പേറുന്ന സച്ചിന് വേണ്ടിയായിരുന്നു ഇന്ത്യൻ ടീം അന്ന് കയ്യും മെയ്യും മറന്ന് പോരാടിയത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് മികച്ച തുടക്കം. എന്നാൽ, ഇംഗ്ലണ്ടിനോട് തുല്യത പാലിക്കേണ്ടി വന്നു. മൂന്നാം മത്സരത്തിൽ അയർലൻഡ് മുട്ടുമടക്കി. പിന്നാലെ നെതർലാൻഡ്സും. എന്നാൽ ദക്ഷിണാഫ്രിക്കൻ കരുത്തിന് മുന്നിൽ കീഴടങ്ങിയ ഇന്ത്യ, വിൻഡീസിനെ തകർത്ത് തിരിച്ചെത്തി. ക്വാർട്ടറിൽ ഫൈനലിൽ കംഗാരുപ്പടയുടെ അടിവേരറുത്ത് സെമിയിലേക്ക് ആധികാരികമായി മുന്നേറി നീലപ്പട.
അവസരങ്ങളുടെ കൈപിടിച്ച് സച്ചിൻ അവതരിച്ചപ്പോൾ, സെമിയിൽ പാകിസ്താനും ഇന്ത്യയ്ക്ക് മുന്നിൽ വീണു. ചോരതുപ്പി കളിക്കളത്തിൽ തളർന്നു വീണ യുവരാജ് സിംഗിന്റെ പോരാട്ട വീര്യം. പ്രതിസന്ധി ഘട്ടങ്ങളിൽ ഉയർത്തെഴുന്നേറ്റ ധോണിയും ഗംഭീറും. എതിരാളികൾക്ക് മേൽ ഇടിമിന്നലായ സഹീർഖാൻ. ടീം വർക്കെന്ന പ്രയോഗത്തെ അന്വർത്ഥമാക്കിയാണ് 2011ൽ ഇന്ത്യ ലോകകപ്പ് കിരീടമുയർത്തിയത്. ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം മറ്റൊരു ലോകകപ്പിന് ഇന്ത്യ ആതിഥേയരാകുമ്പോൾ ആരാധകർക്ക് പ്രതീക്ഷ വാനോളമാണ്. ഒരിക്കൽക്കൂടി ലോകത്തിന്റെ നെറുകയിലെത്തുമെന്ന പ്രതീക്ഷ.