1 മില്യൺ അടിച്ച് റാഷിദിന്റെ ഫോട്ടോ; വൈറലായി ആപ്പിൾ പേജിലെ മലയാളി ക്ലിക്ക്

ഓരോരുത്തരുടെയും സ്വപ്‌നങ്ങൾ വ്യത്യസ്തമാണ്. പക്ഷെ ആ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള നടന്നുകയറ്റമാണ് ഓരോ ചെറിയ നേട്ടങ്ങളും. ഫോട്ടോഗ്രാഫി ഒരു പാഷൻ ആയി കൊണ്ടു നടക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. ഒഴിവു സമയങ്ങൾ വിനിയോഗിക്കാൻ ഫോട്ടോഗ്രാഫി ഒരു വിനോദമായി കാണുന്നവരും ധാരാളമാണ്. അക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരാളാണ് വയനാട് സ്വദേശിയായ റാഷിദ് ഷെരീഫ്. പക്ഷെ ആളത്ര നിസ്സാരക്കാരനല്ല, റാഷിദ് തന്റെ ഐ ഫോണിൽ പകർത്തിയ ഒരു പൂച്ചയുടെ ചിത്രം ആപ്പിൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുക്കുകയാണ്. വെറും 5 ദിവസം കൊണ്ട് 1 മില്യൺ ലൈക്കുകൾ നേടിയിരിക്കുകയാണ് ആ ചിത്രമിപ്പോൾ. ആപ്പിളിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിലവിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ചിത്രം എന്ന ബഹുമതിയും ഇപ്പോൾ റാഷിദിന് സ്വന്തം.

 

ഖത്തറിൽ ഓട്ടോ ഇലക്ട്രിഷ്യനായി ജോലി നോക്കുകയാണ് റാഷിദ്. ഒഴിവ് സമയങ്ങളിൽ ഫോണിൽ മനോഹരമായ ചിത്രങ്ങൾ പകർത്തുന്നതു തന്നെയാണ് പ്രധാന വിനോദം. താൻ മൊബൈലിൽ പകർത്തിയ ചിത്രങ്ങളുടെ ഒരു ശേഖരം തന്നെ റാഷിദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പതിനായിരത്തിലധികം ഫോളോവേഴ്സിനെയും ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.ഇതിനു മുൻപും റാഷിദ് പകർത്തിയ ചിത്രങ്ങൾ ആപ്പിൾ തങ്ങളുടെ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ ഗൂഗിളും റാഷിദിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ മുൻപ് പങ്കുവെച്ചിരുന്നു. ലോകത്തുടനീളമുള്ള ഐ ഫോൺ ഉപയോക്താക്കൾ പകർത്തുന്ന ചിത്രങ്ങളിൽ നിന്ന് #ShotonIphone എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം വഴി പങ്കിടുന്ന പതിനായിരത്തിലധികം ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന ചില ചിത്രങ്ങൾ മാത്രമാണ് ആപ്പിൾ അവരുടെ അക്കൗണ്ടിൽ പ്രസിദ്ധീകരിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടനവധി ഇന്ത്യക്കാർ ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. സഹീർ യാഫി എന്ന അലപ്പുഴക്കാരൻ പകർത്തിയ ചിത്രം ആപ്പിൾ പ്രസിദ്ധീകരിച്ചതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ 10 ലക്ഷം ലൈക്കുകൾ കൈവരിക്കുന്ന ആദ്യ വ്യക്തി എന്ന നേട്ടം ഇനി റാഷിദിന് സ്വന്തം.

 

റാഷിദ് പകർത്തിയ ചിത്രങ്ങൾ ആപ്പിൾ അവരുടെ പരസ്യചിത്രീകരണത്തിന് ഉപയോഗിക്കുമെന്നും അനുമോദനം എന്ന നിലയിൽ പാരിതോഷികമായി ഒരു തുക കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.