എലത്തൂര്‍ ട്രെയിന്‍ ആക്രമണം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. തീകൊളുത്തിയ അക്രമിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ബാഗും മൊബൈല്‍ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി പുറത്തിറങ്ങി ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അല്‍പസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും പ്രതി ബൈക്കില്‍ കയറി രക്ഷപെടുകയുമാണ് ചെയ്തതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത്.

ആക്രമണത്തിന് ശേഷം 11.26നാണ് പ്രതി ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇതിന് ശേഷം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതി രക്ഷപെടുന്നുമുണ്ട്.

കേരളത്തെ നടുക്കുന്നതായിരുന്നു ഇന്നലെ നടന്ന ട്രെയിന്‍ ദുരന്തം. ഇന്നലെ രാത്രി 9 മണിയോടെ അജ്ഞാതനായ വ്യക്തി ആലപ്പുഴകണ്ണൂര്‍ ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 9 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.