പ്രതിരോധമുറകൾ പഠിക്കാം; പഠിപ്പിക്കാൻ കനകക്കുന്നിൽ വനിതാ പൊലീസുകാർ തയ്യാർ
സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ ആത്മവിശ്വാസത്തിന്റെ പെണ്‍കരുത്ത് ആര്‍ജ്ജിക്കാന്‍ നമ്മെ സജ്ജരാക്കാന്‍ കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന സംഘം കനകക്കുന്നില്‍ റെഡിയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പൊതുസ്ഥലങ്ങളില്‍ ശാരീരികമായ ആക്രമണങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നവര്‍ എന്നിങ്ങനെ ജീവിതത്തില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കടന്നുപോകേണ്ടി വരുന്ന വഴികള്‍ അത്ര എളുപ്പമല്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നമ്മെ മാനസികമായും ശാരീരികമായും പ്രതിരോധത്തിന് സജ്ജരാക്കുകയാണ് കനകക്കുന്നില്‍ എന്റെ കേരളം മെഗാമേളയോട് അനുബന്ധിച്ച് തയ്യാറാക്കിയ പൊലീസ് പവലിയനിലെ വനിത പൊലീസ് സംഘം.
പ്രദര്‍ശനത്തിനെത്തുന്ന സ്ത്രീകളോട്, യാത്രചെയ്യുമ്പോള്‍ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങള്‍, മോഷണശ്രമങ്ങള്‍, ശാരീരികമായ അതിക്രമങ്ങള്‍ എന്നിവയെ വളരെ ആയാസ രഹിതമായി എങ്ങനെ നേരിടാമെന്ന് എട്ട് പേരടങ്ങുന്ന സംഘം പരിശീലിപ്പിക്കുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ടാണ് പവലിയനില്‍ സ്വയംപ്രതിരോധ പരിശീലനത്തിനായി ഈ പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിന് പുറമെ ടെലി കമ്യൂണിക്കേഷന്‍, ഫോറന്‍സിക് സയന്‍സ്, ഫിംഗര്‍പ്രിന്റ് ബ്യൂറോ, സ്ത്രീ സുരക്ഷ, പൊലീസിന്റെ വിവിധ ആയുധശേഖരങ്ങള്‍, ഡ്രോണ്‍ ഫോറന്‍സിക് ലാബ് എന്നിവയും പവ്‌ലിയന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വൈകുന്നേരങ്ങളില്‍ ഡോഗ് ഷോയും, അശ്വാരൂഢ സേനയുടെ പ്രകടനവും ഉണ്ടായിരിക്കും.