തിരുന്നാവായ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായി.

തിരൂര്‍: തിരുന്നാവായ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായി. ഡിസിസി അംഗമുള്‍പ്പെടെ പുറത്തുപോകാന്‍ തയ്യാറെടുക്കുന്നതോടെ പിളര്‍പ്പിന്റെ വക്കിലാണ് പാര്‍ടി. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായതും യുഡിഎഫില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ അനുകൂല നിലപാടിലും ലീഗിന്റെ ജമാഅത്ത് ഇസ്ലാമി ബന്ധത്തിലും പ്രതിഷേധിച്ച് നിരവധി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് ഡിസിസി അംഗമടക്കം നേതൃത്വത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിക്കുന്നതായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡിസിസി അംഗം എ പി മൊയ്തീന്‍കുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് എം അരവിന്ദന്‍, സെക്രട്ടറി സോളമന്‍ എന്നിവര്‍ക്ക് ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നോട്ടീസയച്ചിട്ടുണ്ട്.

അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍, പാര്‍ടിയില്‍നിന്ന് പുറത്തുപോകാന്‍ തയ്യാറാണെന്ന നിലപാടിലാണ് ഇവര്‍. യുഡിഎഫിനെതിരെ വിമതരായി മത്സരിച്ച മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. ഇതോടെ പഞ്ചായത്തിലെ ബഹു ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫിനെതിരെ രംഗത്തിറങ്ങി.പഞ്ചായത്തില്‍ ലീഗിലും വിഭാഗീയത മൂര്‍ച്ഛിക്കുകയാണ്. ഏഴാം വാര്‍ഡില്‍ ലീഗ് റിബല്‍ സ്ഥാനാര്‍ഥിയായി വനിതാ ലീഗ് നേതാവ് ചേരിയില്‍ സുഹറ രംഗത്തുണ്ട്. ഇവരെ കഴിഞ്ഞ ദിവസം ലീഗ് ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു.