യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി അന്തരിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി അന്തരിച്ചു. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 62 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്. മൃതദേഹം പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ നിര്യാണത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അനുശോചിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്ത് എളിമയുടെയും ആത്മാര്‍ത്ഥയുടെയും പ്രതിരൂപമായിരുന്നു അദ്ദേഹമെന്നും സാധാരണക്കാരുടെയും കര്‍ഷകരുടെയും നിരവധിയായ ജനകീയ വിഷയങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നും സതീശന്‍ പാച്ചേനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.