കുട ചൂടി ബുള്ളറ്റിൽ കറങ്ങി വോട്ടുപിടിത്തം

മലപ്പുറം: സ്‌ത്രീ സ്ഥാനാർഥികൾക്കായി ഭർത്താക്കന്മാർ വോട്ട്‌ ചോദിക്കാനിറങ്ങുന്ന നാട്ടിൽ സ്വന്തം ബുള്ളറ്റിലാണ്‌ ഷിബിലയുടെ പ്രചാരണം. മൊറയൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ നെരവത്താണ്‌ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥിയായി ഈ വീട്ടമ്മ ജനവിധി തേടുന്നത്‌. നാട്ടുകാർ ഇത്തവണ എൽഡിഎഫിനെ പിന്തുണയ്‌ക്കുമെന്നാണ്‌ പ്രതീക്ഷ. രാവിലെ വാർഡിലെ ഇടതുപക്ഷ പ്രവർത്തകർക്കൊപ്പം വീടുകൾ കയറിയിറങ്ങിയാണ്‌ തുടക്കം. വെയിൽ കനക്കുന്നതോടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ ‘കുട’ സ്ഥാനാർഥിയും പ്രവർത്തകരും ചൂടും. ഉച്ചയ്‌ക്കുശേഷം സ്ഥാനാർഥി ബുള്ളറ്റുമായി ഇറങ്ങും. വ്യക്തിപരമായി പലരുടെയും വീടുകളിലെത്തി വോട്ട്‌ അഭ്യർഥിക്കും. വൈകിട്ട്‌ കുടുംബയോഗങ്ങളിലും കൺവൻഷനുകളിലും അവലോകന യോഗങ്ങളിലും എത്തുന്നതും ബുള്ളറ്റിൽതന്നെ.

 

അരീക്കോട്‌ മൈത്ര കുത്തുപറമ്പ്‌ എം ടി സലീമിന്റെയും നഫീസയുടെയും മകളായ ഷിബിലയ്‌ക്ക്‌ കുട്ടിക്കാലംമുതൽ വാഹനങ്ങളോട്‌ കമ്പമുണ്ട്‌. കല്യാണംകഴിഞ്ഞ്‌ മൊറയൂർ നെരവത്ത്‌ എത്തിയപ്പോൾ ഭർത്താവ്‌ പെരുമ്പിലായി അഷറഫ്‌ മോഹങ്ങൾക്ക്‌ കൂടുതൽ നിറംപകർന്നു. ഒട്ടുമിക്ക വാഹനങ്ങളും ഓടിക്കാൻ പഠിപ്പിച്ചു. ഒരുവർഷംമുമ്പാണ്‌ ബുള്ളറ്റ്‌ വാങ്ങുന്നത്‌. അഷറഫ്‌ സൗദിയിലായതിനാൽ അരീക്കോട്ടെ സ്വന്തം വീട്ടിലേക്കും മറ്റും രണ്ട് മക്കളെയുംകൊണ്ട്‌ ബുള്ളറ്റിൽതന്നെയാണ്‌ ഷിബിലയുടെ യാത്രകൾ. ടിപ്പർ ഓടിക്കാൻ ഹൈവി ലൈസൻസ്‌ എടുക്കാനുള്ള ഒരുക്കത്തിലാണ്‌. അഷറഫ്‌ ഇപ്പോൾ നാട്ടിലുണ്ട്‌. പ്രചാരണ രംഗത്ത്‌ സജീവം‌. ഫാത്തിമ മിൻഹ, അഷ്‌മിൻ അഷറഫ്‌ എന്നിവരാണ്‌ മക്കൾ.