താനൂർ-തെയ്യാല റോഡ് റെയിൽവേ മേൽപ്പാലം സ്ഥലമേറ്റെടുത്തു
താനൂർ:
താനൂർ തെയ്യാല റോഡ് റെയിൽവേ മേൽപ്പാലം നിർമാണത്തിനായി സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി. ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടൻ.
കിഫ്ബി ഫണ്ട് 34 കോടി രൂപ ചെലവിലാണ് റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നത്. നീണ്ട 60 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. പാലം നിർമാണത്തിനായി ഭൂമി നൽകിയ 32 ഉടമകൾക്കും പണം നൽകി. നിർദ്ദിഷ്ട സ്ഥലത്തെ വ്യാപാരികൾക്ക് നഷടപരിഹാരം അനുവദിച്ചു. വ്യാഴാഴ്ചയാണ് സ്ഥലം കൈമാറ്റം നടന്നത്.
ഉടമകളിൽ നിന്നും ഏറ്റുവാങ്ങിയ രേഖകൾ വി അബ്ദുറഹിമാൻ എംഎൽഎ തിരൂർ സ്ഥലമെടുപ്പ് തഹസിൽദാർ പി ഒ സാദിക്കിന് നൽകി. തഹസിൽദാർ ഇത് നിർമ്മാണ ചുമതലയുള്ള
ആർബിഡിസി ഡെ.കളക്ടർ പി രാജന് കൈമാറി
ഇതോടെ നടപടികൾ പൂർത്തിയായി.
താനൂർ നഗരത്തെ വെന്നിയൂർ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് താനൂർ തയ്യാല റോഡ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈറോഡിൽ സുഗമമായ ഗതാഗതത്തിന് വിഘാതം നിൽക്കുന്നത് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള റെയിൽവേ ക്രോസിങ്ങ് ഗേറ്റ് ആണ്.
റെയിൽവേ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലുമൊക്കെയായതോടെ നിരവധി ട്രെയിനുകളാണ് ദിവസേന താനൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. ഓരോ ട്രെയിൻ കടന്നുപോകുമ്പോഴും പത്തുമിനിട്ടോളം റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കാറാണ് പതിവ്. അഥവാ ഇരുഭാഗത്തുനിന്നും ട്രെയിനുകൾ ഒരുമിച്ചു വന്നാൽ ഗേറ്റ് അടഞ്ഞു കിടക്കുന്ന സമയം അതിക്രമിക്കും. ഗേറ്റ് അടച്ചാൽ വാഹനങ്ങളുടെ നിര തയ്യാല റോഡ് ജംഗ്ഷനിൽ എത്തും. മാത്രമല്ല ഗേറ്റ് തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്.