കുട്ടികള്‍ക്ക് മിഠായി അധികം കൊടുക്കരുത്; കാരണം അറിയാം, ഒപ്പം കൊടുക്കേണ്ട ഭക്ഷണങ്ങളും…
കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് എപ്പോഴും ഉത്കണ്ഠയാണ്. പ്രത്യേകിച്ച് കുട്ടികളുടെ ഭക്ഷണകാര്യങ്ങളിലാണ് മാതാപിതാക്കള്‍ക്ക് ഏറെ ആശങ്കയുണ്ടാകാറ്.
അവര്‍ക്ക് എന്തുതരം ഭക്ഷണം നല്‍കണം, എന്തെല്ലാം ഒഴിവാക്കണം- എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ എപ്പോഴും ചിന്തയായിരിക്കും.
ആറ് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികളെ സംബന്ധിച്ച് അവരുടെ തലച്ചോറിന്‍റെ വളര്‍ച്ച കാര്യമായി നടക്കുന്ന ഘട്ടമാണിത്. ഈ ഘട്ടത്തില്‍ പോഷകാഹാരക്കുറവുണ്ടാകുന്നത് കുട്ടികളുടെ പഠനം, സാമൂഹികമായ അവബോധം, ശ്രദ്ധ, ചിന്ത, ഓര്‍മ്മ എന്നിങ്ങനെയുള്ള വിഷയങ്ങളെയെല്ലാം ബാധിക്കാം.
ഇതൊഴിവാക്കാൻ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കുട്ടികള്‍ക്ക് നല്‍കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് ആദ്യമറിയാം…
ഒമേഗ-3 ഫാറ്റി ആസിഡ്സ്…
തലച്ചോറിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്നൊര ഘടകമാണ് ഒമേഗ-3 ഫാറ്റി ആസിഡ്സ്. ഓര്‍മ്മശക്തി,പ്രശ്നപരിഹാരത്തിനുള്ള കഴിവ്, ശ്രദ്ധ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം വികസിക്കുന്നതിന് ഒമേഗ-3 ഫാറ്റി ആസിഡ്സ് ആവശ്യമാണ്. കൊഴുപ്പുള്ള മത്സ്യങ്ങള്‍ (സാല്‍മണ്‍, മത്തി, ചൂര പോലെ), ഫ്ളാക്സ് സീഡ്സ്, സണ്‍ഫ്ളവര്‍ സീഡ്സ്, പംകിൻ സീഡ്സ്, വാള്‍നട്ട്സ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
അയേണ്‍…
കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ബന്ധമായും സ്വാധീനം ചെലുത്തുന്നൊരു ഘടകമാണ് അയേണ്‍. പ്രത്യേകിച്ച് തലച്ചോറിന്‍റെ വികാസനത്തിന്. അയേണും ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടതുണ്ട്. ഇലക്കറികള്‍, ബീൻസ്, വൻപയര്‍, രാജ്മ, ഗ്രീൻ പീസ്,ചന്ന, ലീൻ മീറ്റ് എന്നിവയെല്ലാം അയേണിനായി കഴിക്കാവുന്നതാണ്.
ആന്‍റി-ഓക്സിഡന്‍റ്സ്…
തലച്ചോറിന്‍റെ ആകെ വളര്‍ച്ചയ്ക്കും വികാസത്തിനും ആന്‍റി-ഓക്സിഡന്‍റ്സ്
ആവശ്യമാണ്. പല നിറത്തിലുള്ള പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നുമാണ് ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായും കിട്ടുക. ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി, പ്ലംസ്, ബെറികള്‍, സ്പിനാഷ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
വെള്ളം…
ഭക്ഷണത്തിനൊപ്പം തന്നെ കുട്ടികള്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഇതും തലച്ചോറിന്‍റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്ന ഘടകമാണ്.
ബ്രേക്ക്ഫാസ്റ്റ്…
കുട്ടികളെ സംബന്ധിച്ച് അവരുടെ ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ബ്രേക്ക്ഫാസ്റ്റിനാണ്. ഹെല്‍ത്തിയായ ബ്രേക്ക്ഫാസ്റ്റ് വേണം കുട്ടികള്‍ക്ക് നല്‍കാൻ. വളരെ ബാലൻസ്ഡ് ആയി പല പോഷകങ്ങളും ലഭ്യമാകും വിധത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് അവര്‍ക്ക് നല്‍കാൻ സാധിച്ചാല്‍ തന്നെ ഏറെക്കുറെ സുരക്ഷിതമായി.
നല്‍കരുതാത്ത ഭക്ഷണങ്ങള്‍…
ഇതിനൊപ്പം തന്നെ കുട്ടികള്‍ക്ക് നല്‍കരുതാത്ത ചില ഭക്ഷണങ്ങള്‍ കൂടിയുണ്ട്. ഇവയെ കുറിച്ചും മാതാപിതാക്കളോ മറ്റ് മുതിര്‍ന്നവരോ അറിഞ്ഞിരിക്കണം.
മധുരം അധികമായ വിഭവങ്ങള്‍ അത് മിഠായികളോ ബേക്കറി പലഹാരങ്ങളോ എന്തുമാകാം, അധികം ചോക്ലേറ്റ്സ്, പിസ- ബര്‍ഗര്‍- കുക്കീസ് പോലുള്ള പ്രോസസ്ഡ്ഫുഡ്സ്, റിഫൈൻഡ് ഫ്ളോര്‍ വച്ചുണ്ടാക്കിയ നൂഡില്‍സ്, എനര്‍ജി ഡ്രിങ്കുകള്‍ പോലുള്ള ഭക്ഷണപാനീയങ്ങളാണ് ഒഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യേണ്ടത്.
ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ഉറക്കത്തെയുമെല്ലാം ബാധിക്കും. ഇതോടെ തന്നെ കുട്ടികളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രവണത, ഉന്മേഷമില്ലായ്മ, മുൻകോപം, വാശി പോലുള്ള പ്രശ്നങ്ങളെല്ലാം പതിവാകാം. വീട്ടില്‍ തന്നെയുണ്ടാക്കുന്ന പോഷകപ്രദമായ ഭക്ഷണമാണ് അധികവും കുട്ടികളെ ശീലിപ്പിക്കേണ്ടത്.