ആറളം ഫാമില്‍ കരിയുന്ന കാര്‍ഷിക പ്രതീക്ഷകള്‍
കേളകം: കൂപ്പുകുത്തുന്ന ആറളം ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമാകാതെ വന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടീല്‍ വസ്തു വിതരണ കേന്ദ്രവും കാര്‍ഷിക കേന്ദ്രവുമായ ആറളം ഫാമില്‍ പ്രതിസന്ധി രൂക്ഷം.
ഫാമിനെ രക്ഷിക്കുന്നതിന് വൈവിധ്യവത്കരണ പദ്ധതികളുടെ ഭാഗമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനായിരുന്നു ഉന്നതതല തീരുമാനം. എന്നാല്‍, പദ്ധതികള്‍ ഫലപ്രാപ്തിയിലെത്താത്തതിനാല്‍ കരിഞ്ഞുണങ്ങുകയാണ് ആറളത്തിന്‍റെ പ്രതീക്ഷകള്‍.
വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഫാമിനുള്ളിലെ 10,000 തെങ്ങുകളില്‍നിന്ന് രണ്ട് ഘട്ടമായി നീര ഉല്‍പാപാദിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനും 300 ആദിവാസികള്‍ക്ക് പ്രത്യക്ഷമായും 1000 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനും ആറളം ഫാമിലെ ഗുണമേന്മയുള്ള വെളിച്ചെണ്ണ ബ്രാൻഡ് നാമത്തില്‍ വിപണിയിലത്തെിക്കാനും 100 പശുക്കളുള്ള ആധുനിക പശുവളര്‍ത്തല്‍ ഫാം ആറളത്ത് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
ഇതിനായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ടതല്ലാതെ ഒന്നും വിജയം കണ്ടില്ല.ഇതില്‍ തെങ്ങ് ചെത്തല്‍ ആരംഭിച്ചെങ്കിലും ആയിരക്കണക്കിന് തെങ്ങുകള്‍ കാട്ടാനകള്‍ നശിപ്പിച്ചതിനാല്‍ വരുമാനം നിലച്ചു.
വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആവശ്യത്തിനുള്ള മുട്ട ലഭ്യമാക്കുന്നതിന് മുട്ടക്കോഴി വളര്‍ത്തല്‍, പൈനാപ്പിള്‍ കൃഷി, പന്നിവളര്‍ത്തല്‍ പദ്ധതികളും ആറളം ഫാമില്‍ നടപ്പാക്കുന്നതിനും അത്യാധുനിക നഴ്സറി സ്ഥാപിക്കുന്നതിനും തീരുമാനിച്ചതും പ്രഖ്യാപനത്തിലൊതുങ്ങി.
വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഫാമിനെ അടച്ചുപൂട്ടലിലെത്തിക്കും. ഫാമിനെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലാവുകയും നിലവില്‍ കാര്‍ഷിക ഫാമായി ആറളം ഫാമിങ് കോര്‍പറേഷന്റെ കൈശമുള്ള 1530 ഹെക്ടര്‍ ഫാം ഭൂമി ആദിവാസി ഭൂവിതരണത്തിനായി നീക്കി വെക്കണമെന്ന വിവിധ ആദിവാസി സംഘടനകളുടെ ആവശ്യത്തിന് ബലമേറുകയും ചെയ്യും. നിലവില്‍ വരുമാനം നിലച്ച ആറളം ഫാമില്‍ ആറ് മാസമായി ശമ്ബളമില്ലാതെ ദുരിതപര്‍വം
താണ്ടുകയാണ് തൊഴിലാളികളും ജീവനക്കാരും.
കാട്ടാനകള്‍ നശിപ്പിച്ചത് 8000 തെങ്ങുകള്‍
കാര്‍ഷിക വിളകള്‍ തരിശാക്കി വിഹാരം തുടരുന്ന കാട്ടാനക്കൂട്ടം ആറളം ഫാമില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നശിപ്പിച്ചത് നിറയെ കായ്ഫലമുള്ള 8000 തെങ്ങുകളാണ്.
തെങ്ങിൻ തൈകളും കശുമാവ്, കുരുമുളക്, കമുക്, കൊക്കോ, റബര്‍ എന്നിവയും നശിപ്പിച്ചവയില്‍പെടും. മറ്റ് കൃഷികളും കാട്ടാനകളുടെ ആക്രമണത്തിനിരയായി.
കാട്ടാന തുരത്തലില്‍ കുരുങ്ങി വനംവകുപ്പ്
ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും തുടര്‍ക്കഥയാവുന്ന കാട്ടാന ശല്യം ജനവാസ കേന്ദ്രങ്ങളില്‍ ഭീതി വിതക്കുമ്ബോള്‍ ഇവയെ അതിര്‍ത്തി കടത്താൻ വിയര്‍ക്കുകയാണ് വനംവകുപ്പ് അധികൃതര്‍. ആനമതില്‍ തകര്‍ത്ത് ആറളം വനത്തില്‍നിന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിന്റെ അധീനതയിലും പ്രവേശിച്ച കാട്ടാനക്കൂട്ടം
ഫാമിനകത്ത് കനത്ത നാശം വരുത്തുമ്പോൾ കൃഷി നാശത്തിനുള്ള നഷ്ടം പോലും ലഭിക്കുന്നില്ല. എട്ട് വര്‍ഷത്തിനിടെ 20 കോടി രൂപയുടെ നഷ്ടമാണ് ഫാമിനുണ്ടായത്. വനം വകുപ്പ് നല്‍കിയ നഷ്ടപരിഹാരം നാമ മാത്രം.
ഫാമിന്റെ അധീനതിയിലുള്ള കൃഷി സ്ഥലത്ത് താവളമാക്കിയ ആനക്കൂട്ടത്തെ ഭയന്ന് ജോലികള്‍ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ആറളത്തെ കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍. ആനക്കൂട്ടത്തെ ഫാമിന്റെ അധീനതയിലുള്ള മേഖലയില്‍നിന്ന് വനത്തിലേക്ക് തുരത്താനുള്ള സജീവ നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഫാം അധികൃതര്‍ കുറ്റപ്പെടുത്തുന്നു. നിലവില്‍ 70 ആനകളാണ് ഫാമിലുള്ളത്. എട്ട് വര്‍ഷത്തിനിടെ 13 പേരാണ് ആറളം ഫാമില്‍ കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ടത്.
നാഥനില്ലാക്കളരിയായി ആറളം ഫാം
ജില്ല കലക്ടര്‍ ചെയര്‍മാനായ ആറളം ഫാമിങ് കോര്‍പറേഷന് കീഴിലാണ് നിലവില്‍ ആറളം കാര്‍ഷിക ഫാം. സംസ്ഥാന പട്ടിക
ജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന് കീഴില്‍. ഫാമിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കേണ്ടത് മാനേജിങ് ഡയറക്ടറാണെങ്കിലും സ്ഥിരം നിയമനമുണ്ടാകാറില്ല. അത്യാവശ്യ കാര്യങ്ങള്‍ നടക്കാൻ അനുമതിക്കായി കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും കലക്ടര്‍, സബ് കലക്ടര്‍ ഓഫിസുകളിലേക്ക് കയറിയിറങ്ങുകയാണ് ഫാം ഉദ്യോഗസ്ഥര്‍. ഫാമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകണമെങ്കില്‍ കാര്‍ഷിക വിജ്ഞാനമുള്ള മാനേജിങ് ഡയറക്ടര്‍ കൂടിയ തീരൂ; രാഷ്ട്രീയ പരിഗണനയില്ലാത്ത നിയമനവും.
നഷ്ടക്കയത്തിലേക്ക്
ആറളം ഫാം കടക്കെണിയില്‍നിന്ന് നഷ്ടക്കയത്തിലേക്ക് കൂപ്പുകുത്തുന്നു. അടിയന്തര സര്‍ക്കാര്‍ സഹായമാണ് ഇനി വേണ്ടത്. പത്തര കോടി രൂപയുടെ കമ്മിയില്‍ നില്‍ക്കുന്ന ആറളം ഫാം അനുദിനം നഷ്ടത്തിന്റെ കണക്കു കൂട്ടുകയാണ്. താല്‍ക്കാലിക ആശ്വാസമായി പത്ത് കോടി രൂപ അനുവദിക്കണമെന്ന് ഫാം അധികൃതര്‍
ആവശ്യപ്പെട്ടിട്ടുണ്ട്. റബര്‍ വിലയിടിവും തെങ്ങ് കൃഷി കാട്ടാനകള്‍ നശിപ്പിക്കപ്പെട്ടതുമാണ് വരുമാന ഇടിവിന് കാരണം. 12 ലക്ഷം തേങ്ങ കിട്ടിയിരുന്ന ആറളം ഫാമില്‍ ഇപ്പോള്‍ ലഭിക്കുന്നത് നാമമാത്രം . വാനരപ്പടയും തെങ്ങുകളുടെ വിളവെടുക്കുന്നുണ്ട്.
മനം മടുത്ത് സ്വയം വിരമിക്കല്‍; പകരം നിയമനമില്ലാത്തതും പ്രതിസന്ധി
1000 തൊഴിലാളികളും 245 ജീവനക്കാരുമുണ്ടായിരുന്ന ആറളം ഫാമില്‍ ഇന്നുള്ളത് 270 തൊഴിലാളികളും 18 ജീവനക്കാരും 118 താല്‍ക്കാലിക തൊഴിലാളികളും മാത്രം. പുതുതായി നിയമനം ഇല്ലാത്തതിനാല്‍ ഫാമിന്റെ പ്രവര്‍ത്തനം താളപ്പിഴയായി. ബ്ലോക്കോഫിസുകളില്‍ പോലും ചുമതലക്കാരില്ലാത്തതിനാല്‍ നിലവിലുള്ളവരുടെ ജോലി ഭാരവും ഇരട്ടിയായി.
വേണ്ടത് സര്‍ക്കാര്‍ ഇടപെടല്‍
ആറളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ വേണ്ടത് സര്‍ക്കാറിന്റെ പ്രേത്യക ഇടപെടല്‍. ആറളം ഫാമിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉത്തേജക പദ്ധതി വേണം. വന്യജീവി ശല്യത്തില്‍നിന്ന് ഫാമിനെ സംരക്ഷിക്കണം. കൃഷി വകുപ്പുമായി സംയോജിപ്പിച്ച വികസന പദ്ധതികള്‍ നടപ്പാക്കണം. കൃഷി നശിച്ച പ്രദേശങ്ങളില്‍ കശുമാവ്, റബര്‍, തെങ്ങ്, കമുക്, കൊക്കോ കൃഷികള്‍ വ്യാപിപ്പിക്കണം. ആനകളില്‍നിന്ന് ആറളത്തെ മോചിപ്പിച്ച് സമഗ്ര കാര്‍ഷിക പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ആറളം കാര്‍ഷിക ഫാം വിസ്മൃതിയിലാവുമെന്നുറപ്പ്.