കാൻസര്‍ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങള്‍

ലോകമെമ്ബാടുമുള്ള മരണകാരണങ്ങളിലൊന്നാണ് കാൻസര്‍ (Cancer). സ്തനാര്‍ബുദം, ശ്വാസകോശം, വൻകുടല്‍, മലാശയം, പ്രോസ്റ്റേറ്റ് എന്നിവയിലെ അര്‍ബുദങ്ങളാണ് ഏറ്റവും സാധാരണമായ കാൻസറുകള്‍.
അര്‍ബുദ ചികിത്സയുടെ പ്രധാന തടസ്സങ്ങളിലൊന്ന് ട്യൂമര്‍ വളര്‍ച്ചയുടെ വൈകി തിരിച്ചറിയല്‍ മൂലം സംഭവിക്കുന്ന രോഗനിര്‍ണയത്തിന്റെ കാലതാമസമാണ്.
കാൻസറിനെ അതിജീവിച്ച എത്രയോ ആളുകളുണ്ട് നമുക്കിടയില്‍. അതുകൊണ്ട് ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരം നല്‍കുന്ന ക്യാൻസര്‍ ലക്ഷണങ്ങള്‍ അല്ലെങ്കില്‍ സൂചനകള്‍ നേരത്തെ തിരിച്ചറിയുക എന്നതാണ്. പലപ്പോഴും ശരീരം നല്‍കുന്ന സൂചനകള്‍ നാം കൃത്യ സമയത്ത് മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാണ് ചികിത്സ വൈകുന്നതും പിന്നീട് രോഗം മൂര്‍ച്ഛിച്ച്‌ മരണത്തിന് കാരണമാകുന്നതും. കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം…
ഒന്ന്…
പലരിലും കണ്ടുവരുന്ന കാൻസറിന്റെ ഒരു ലക്ഷണമാണ് ക്ഷീണം. കാൻസര്‍ ബാധിച്ച ഒരാള്‍ക്ക് ബലഹീനതയും അലസതയും ഊര്‍ജവും കുറയുന്നതായി അനുഭവപ്പെടുന്നു. ഈ ക്ഷീണം ക്രമേണ വര്‍ദ്ധിക്കുക ചെയ്യുന്നു. രക്താര്‍ബുദം പോലുള്ള ചില കാൻസറുകളിലാണ് ഇത് കൂടുതലായി കാണുന്നത്.
രണ്ട്…
പെട്ടെന്നുള്ള ഭാരക്കുറവ് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. പ്രത്യേകിച്ച്‌ ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുമ്ബോള്‍, അതിനെ വിശദീകരിക്കാനാകാത്ത ഭാരം കുറയല്‍ (Unexplained weight loss) എന്ന് വിളിക്കുന്നു.
മൂന്ന്…
ലുക്കീമിയ ഉള്ളവരില്‍ ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ സാധാരണയായി കണ്ടുവരുന്നു. ചര്‍മ്മത്തിന് കീഴിലുള്ള ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നത് മൂലമാണ് ചുണങ്ങ് ഉണ്ടാകുന്നത്. രക്തകോശങ്ങളുടെ ഘടനയിലെ അസന്തുലിതാവസ്ഥ കാരണം, ചര്‍മ്മത്തില്‍ നിരവധി മാറ്റങ്ങള്‍ കാണുന്നു.
നാല്…
കണ്ണുകളിലെ വേദന കാൻസര്‍ വളര്‍ച്ചയുടെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. ഈ വേദന പലപ്പോഴും അവഗണിക്കപ്പെടുകയും ഗൗരവം കുറഞ്ഞ ഒന്നായി പലരും കരുതുന്നു.
അഞ്ച്…
മുഴകള്‍ രൂപപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഒരു മുഴ അല്ലെങ്കില്‍ ശരീരത്തില്‍ തടിപ്പ് അനുഭവപ്പെടുക എന്നത് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.
ആറ്…
സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. സ്തനാര്‍ബുദ സാധ്യത ഒഴിവാക്കാൻ സ്വയം പരിശോധന ആവശ്യമാണ്. സ്തനാര്‍ബുദമുള്ള സ്ത്രീകളില്‍ കാണുന്ന പ്രധാന മാറ്റങ്ങളിലൊന്ന് മുലക്കണ്ണിലോ സ്തനത്തിലോ ഉണ്ടാകുന്ന മാറ്റമാണ്.
മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ക്ക് പുറമേ, ക്യാൻസറിന്റെ ഇനിപ്പറയുന്ന ലക്ഷണങ്ങളെക്കുറിച്ചും ശ്രദ്ധിക്കണം: വൃഷണങ്ങളുടെ വീക്കം, ഭക്ഷണം കഴിക്കുന്നതിലും വിഴുങ്ങുന്നതിലും ബുദ്ധിമുട്ട്, ശ്വാസതടസ്സം, വിട്ടുമാറാത്ത മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍, ഉദ്ധാരണ പ്രശ്നങ്ങള്‍, മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവയും കാൻസറിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.