എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല; ഹാക്കര്‍മാര്‍ക്ക് ഗുണമാവുമെന്ന് ആപ്പിള്‍

ന്യൂഡല്‍ഹി: എം.പിമാര്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി ടെക് ഭീമൻ ആപ്പിള്‍.
മുന്നറിയിപ്പ് നല്‍കിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് ആപ്പിള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് ഹാക്കര്‍മാര്‍ക്ക് ഗുണകരമാവുമെന്നാണ് ആപ്പിളിന്റെ വിശദീകരണം.
ഭാവിയില്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച്‌ ഹാക്കര്‍മാര്‍ ചോര്‍ത്തല്‍ കണ്ടുപിടിക്കുന്നതിനെ പ്രതിരോധിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കി. ചോര്‍ത്തല്‍ ശ്രമത്തിന് പിന്നില്‍ ഏത് രാജ്യമാണെന്ന് പറഞ്ഞിട്ടില്ലെന്നും ആപ്പിള്‍ കൂട്ടിച്ചേര്‍ത്തു. രാജ്യങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഹാക്കര്‍മാര്‍ക്ക് വൻതോതില്‍ പണം ലഭിക്കുന്നുണ്ട്. സാങ്കേതികമായി മികച്ച സംവിധാനങ്ങള്‍ ഇത്തരം ഹാക്കര്‍മാര്‍ക്കുണ്ടെന്നും ആപ്പിളിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.
ചില മുന്നറിയിപ്പുകള്‍ തെറ്റാവാം. ചില സന്ദര്‍ഭങ്ങളില്‍ ഹാക്കര്‍മാരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമുണ്ടാവാം. 2021ല്‍ പുതിയ സംവിധാനം അവതരിപ്പിച്ച ശേഷം
150ഓളം രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ആപ്പിള്‍ കൂട്ടിച്ചേര്‍ത്തു.
ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍നിന്ന് ലഭിച്ചതായി പ്രതിപക്ഷ എം.പിമാര്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എം.പി. പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മൊയ്ത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എ.എ.പി. എം.പി. രാഘവ് ഛദ്ദ, സി.പി.എം ജനറല്‍ സെക്രട്ടറഇ സീതാറാം യെച്ചൂരി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്കാണ് ആപ്പിളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചത്.