മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ രാത്രികാല ഐ.പി നിര്‍ത്തലാക്കി
ഉപ്പള: ദിനേന നിരവധി രോഗികള്‍ ചികിത്സക്കെത്തുന്ന മംഗല്‍പാടി താലൂക്ക് ഹെഡ് ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരോഗ്യവകുപ്പ് നിര്‍ത്തലാക്കി.
എട്ട് ഡോക്ടര്‍മാരുടെ തസ്തികയാണ് താലൂക്ക് ആശുപത്രിയിലുള്ളത്. ഇതില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒരു ഡോക്ടറടക്കം അഞ്ച് ഡോക്ടര്‍മാരാണ് നിലവിലുള്ളത്. ഇവരെ ഉപയോഗിച്ച് ഇനിയും രാത്രികാല സേവനം നടത്താനാവില്ലെന്നും അതിനാല്‍ ഒക്ടോബര്‍ 30ന് വൈകീട്ട് ആറുമുതല്‍ രാത്രികാല ഐ.പിയും അത്യാഹിത വിഭാഗം സേവനവും നിര്‍ത്തലാക്കുന്നുവെന്നുമാണ് ആരോഗ്യ വിഭാഗം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചത്. ഇതിനെതിരെ എ.കെ.എം. അഷ്‌റഫ് എം.എല്‍.എ രംഗത്തെത്തി.
ആരോഗ്യവകുപ്പിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ആവശ്യപ്പെട്ടു. രാത്രികാല സേവനം നിര്‍ത്തലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീനക്കും
അദ്ദേഹം കത്തയച്ചു. ഫോണിലൂടെയും എം.എല്‍.എ ഇരുവരോടും ഇക്കാര്യം ആവശ്യപ്പെട്ടു. ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ആരോഗ്യ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന ജില്ലയുടെ അതിര്‍ത്തി പ്രദേശത്തുള്ള താലൂക്ക് ആശുപത്രിയോട് കാലങ്ങളായി സര്‍ക്കാര്‍ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും താലൂക്ക് ആശുപത്രിയില്‍ നിലവിലെ തസ്തിക പ്രകാരമുള്ള എട്ട് ഡോക്ടര്‍മാരെയും അടിയന്തരമായി നിയമിക്കണമെന്നും കൂടുതല്‍ ഡോക്ടര്‍മാരുടെ തസ്തിക അനുവദിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് കിഫ്ബിയില്‍നിന്ന് അനുവദിച്ച കെട്ടിടത്തിന്‍റെ നിര്‍മാണം വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കിഫ്‌ബി ഉദ്യോഗസ്ഥരുമായി എം.എല്‍.എ ചര്‍ച്ച നടത്തിയിരുന്നു.