മരിച്ചുവീഴുന്നത് നിരവധി കുഞ്ഞുങ്ങളാണ്! പലസ്തീന് വേണ്ടി പൊട്ടിക്കരഞ്ഞ് ടുണീഷ്യന്‍ ടെന്നിസ് താരം ജാബ്യൂര്‍

ദുബായ്: പലസ്തീനില്‍ യുദ്ധത്തില്‍ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ദിവസം ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. നിരവധി കുരുന്നുകള്‍ക്കും ജീവന്‍ നഷ്ടമായി. യുദ്ധത്തില്‍ പരിക്കേറ്റ 1000 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇപ്പോള്‍ പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് വനിതാ ടെന്നിസ് താരം ഒന്‍സ് ജാബ്യൂര്‍ വ്യക്തമാക്കി. വിടിഎ ഫൈനല്‍സ് മത്സരത്തിന് ശേഷം കരഞ്ഞുകൊണ്ടാണ് ടുണീഷ്യന്‍ ടെന്നിസ് താരം സംസാരിച്ചത്. പലസ്തീനില്‍ നിന്നുന്ന കാഴ്ച്ചകള്‍ ഭീകരമാണെന്നും ഓരോ ദിവസം നിരവധി കുരുന്നുകളുടെ ജീവനാണ് പൊലിയുന്നതെന്നും അവര്‍ വ്യക്തമാക്കി. താരത്തിന്റെ വാക്കുകള്‍… ”ലോകത്തെ സാഹചര്യങ്ങള്‍ എന്നെ ഒരിക്കലും സന്തോഷിപ്പിക്കുന്നില്ല. നിരവധി കുഞ്ഞുങ്ങളാണ് ഒരോ ദിവസവും മരിച്ച് വീഴുന്നത്. ഹൃദയഭേദകമാണത്. വിടിഎ ഫൈനല്‍സില്‍ നിന്ന് കിട്ടുന്ന സമ്മാനത്തുകയുടെ ഒരു ഭാഗം പലസ്തീന്‍ ജനതയുടെ സഹായത്തി വേണ്ടി നല്‍കാനാണ് തീരുമാനം. ഇന്നത്തെ വിജയത്തില്‍ എനിക്ക് സന്തോഷമൊന്നും തോന്നുന്നില്ല. ലോകത്ത് നടക്കുന്നത് എന്താണെന്ന് നോക്കൂ. എന്നോട് ക്ഷമിക്കണം, ടെന്നിസീനെ കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് എനിക്കറിയാം. എന്നാല്‍ പുറത്തുവരുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ വേദനയാണ് തോന്നുന്നത്.” താരം വ്യക്തമാക്കി.

ഇതൊരു രാഷ്ട്രീയ പ്രസ്താവനയായി കാരണരുതെന്നും ജാബ്യൂര്‍ വ്യക്തമാക്കി. ”എനിക്ക് സമാധാനമാണ് വേണ്ടത്. ഇതൊരിക്കലും രാഷ്ട്രീയ പ്രസ്താവനയായി കാണരുത്. മനുഷ്യത്വത്തിന്റെ ഭാഷയായി കണ്ടാല്‍ മതി. സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിച്ചിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതൊരിക്കലും അനായാസമായ കാര്യമല്ല. എല്ലാ ദിവസവും ഭീകരമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. അത്തരം ചിന്തയില്‍ നിന്ന് മോചിതയാവാന്‍ കഴിയുന്നില്ല. എനിക്ക് ഈ ലോകത്ത് പ്രതീക്ഷ നഷ്ടപ്പെട്ടു. ഞാന്‍ നല്‍കുന്ന പണം ചെറിയ രീതിയിലെങ്കിലും അവര്‍ക്ക് സഹായം നല്‍കട്ടെ. എനിക്കറിയാം പണമല്ല ഒന്നും. എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. സാമാധാനവും.” ജാബ്യൂര്‍ മത്സരശേഷം പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഈ സീസണിലും വിംബിള്‍ഡണ്‍ ഫൈനലിലെത്താന്‍ ജബൗറിനായിരുന്നു. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനില്‍ പ്രവേശിക്കുന്ന ആദ്യ അറബ് വനിതയാണ് ജാബ്യൂര്‍.