വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബസ് കണ്ടക്ടര്‍ക്കെതിരെ ഒരു പോക്സോ കേസ് കൂടി

പെരിങ്ങത്തൂര്‍: ബസ് യാത്രക്കിടെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ബസ് കണ്ടക്ടര്‍ക്കെതിരെ ഒരു പോക്സോ കേസ് കൂടി.

കരിയാട്-തലശ്ശേരി റൂട്ടിലെ കണ്ടക്ടര്‍ ചക്കരക്കല്‍ മൗവ്വഞ്ചേരി എക്കാലില്‍ സത്യാനന്ദനെതിരെയാണ് (59) ചൊക്ലി പൊലീസ് പോക്സോ വകുപ്പ് പ്രകാരം ഒരു കേസ് കൂടി എടുത്തത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞയാഴ്ച എട്ട്, 10 ക്ലാസുകളിലെ രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പോക്സോ പ്രകാരം കേസെടുത്ത് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതി ജയിലില്‍ കഴിയുകയാണ്. അടുത്ത ദിവസംതന്നെ ചൊക്ലി പൊലീസ് ജയിലിലെത്തി പുതിയ പോക്സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. നിരവധി വിദ്യാര്‍ഥിനികള്‍ പ്രതിക്കെതിരെ പരാതി നല്‍കിയതിനാല്‍ പൊലീസ് സ്കൂളിലെത്തി കുട്ടികളില്‍നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.

ഒടുവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരമാണ് വീണ്ടും പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. കഴിഞ്ഞ 26 മുതലാണ് ഇയാള്‍ ബസില്‍ സ്കൂളിലേക്ക് യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിച്ചത്. കണ്ടക്ടറെ

കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച്‌ കഴിഞ്ഞ ദിവസം ബസ് തൊഴിലാളികള്‍ കണ്ണൂര്‍-തലശ്ശേരി മേഖലയില്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു.