മണ്ഡലകാലം പിറന്നു, ഇരുമുടിക്കെട്ടിന് വിലക്കയറ്റ ഭാരം
തൃശൂര്‍: ശരണമന്ത്രങ്ങളാല്‍ മുഖരിതമാകുന്ന മണ്ഡലകാലം പിറന്നു. പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടുമായി ദുരിതങ്ങളൊഴിയാനുള്ള ശരണപാത താണ്ടാനുള്ള സ്വാമിമാരുടെ ഒരുക്കത്തെ വിലക്കയറ്റം കാര്യമായി ബാധിക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.
നിത്യോപയോഗ സാധനങ്ങള്‍ക്കെന്നപോലെ ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ക്കൊക്കെ വില ഉയര്‍ന്നിട്ടുണ്ട്. ഇരുമുടിക്കെട്ടിനാവശ്യമായ സാധനങ്ങള്‍ക്ക് മുൻ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 40 വരെ ശതമാനം വില ഉയര്‍ന്നിട്ടുണ്ടെന്നാണ് തൃശൂര്‍ ഷൊര്‍ണൂര്‍ റോഡില്‍ തിരുവമ്ബാടി ക്ഷേത്രത്തിന് സമീപം 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സമിത പൂജാ സ്റ്റോഴ്സ് ഉടമ സന്തോഷ് പറയുന്നത്.
പാപങ്ങളും ദോഷങ്ങളുമൊഴിയാൻ ഇരുമുടിക്കെട്ടിലെ തേങ്ങയില്‍ നിറക്കുന്ന നെയ്യിനാണ് വലിയ വിലക്കയറ്റമുണ്ടായത്. ലിറ്ററിന് 720 രൂപയാണ് വില. സാധാരണ മാലകള്‍ക്ക് 100 രൂപ വരെയാണ് വില. കുറച്ചുകൂടി ആര്‍ഭാടമാക്കിയാല്‍ 200ഉം കടക്കും. ലോക്കറ്റിന്റെ വില 30 രൂപ വരെയാണ്. മുണ്ടിന് 100 രൂപ മുതല്‍ 300 രൂപ വരെയുണ്ട്. കാണിപ്പൊന്നിന് 10 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 25 രൂപ വരെയായി. ഉണക്കല്ലരിക്കും അനുബന്ധ ഉല്‍പന്നങ്ങളായ അവലിനും മലരിനും നിലം തൊടാത്ത വിലക്കുതിപ്പാണ്. അരിക്ക് നേരത്തേ 35 വരെ എത്തിയിരുന്നത് ഇപ്പോള്‍ 55ഉം 60ഉം വരെയുണ്ട്.
ശര്‍ക്കരക്ക് കിലോക്ക് 70ഉം 80ഉം എത്തി. അവലിന് 30 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 65ഉം 70ഉം എത്തി. മലരിന് 60 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 100 വരെയായി. കല്‍ക്കണ്ടം വില 30ല്‍നിന്ന് 80ലെത്തി. എള്ളിന് 240ഉം എണ്ണ ലിറ്ററിന് 220ഉം 250ഉം വിലയുണ്ട്. ചന്ദനത്തിരി 10 രൂപയുടെ പാക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ അമ്ബതിന്റെയും നൂറിന്റെയും 200ന്റെയും പാക്കറ്റുകളാണുള്ളത്. കര്‍പ്പൂരം ചൈനയില്‍നിന്നും വിയറ്റ്നാമില്‍നിന്നുമാണ് വരുന്നത്. കിലോക്ക് 900 രൂപയാണ് വില. സൈഡ് ബാഗിന്100 മുതല്‍ 150 വരെയുണ്ട്. പൂജസാധനങ്ങള്‍ക്ക് ജി.എസ്.ടി ഒഴിവാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും ഭസ്മം, കളഭം എന്നിവക്കൊഴികെ ബാക്കിയെല്ലാത്തിനും നികുതിയുണ്ട്.
ക്ഷേത്രങ്ങളില്‍ വിപുല സൗകര്യങ്ങള്‍
തൃശൂര്‍: അയ്യപ്പന്മാര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. വടക്കുന്നാഥ ക്ഷേത്രത്തില്‍ ദിവസവും 750 പേര്‍ക്ക് അന്നദാനമൊരുക്കിയിട്ടുണ്ട്. അയ്യപ്പന്മാര്‍ക്കുള്ള ഇടത്താവളവും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശൻ നിര്‍വഹിക്കും.
ഗുരുവായൂര്‍ ഒരുങ്ങി
ഗുരുവായൂര്‍: ശബരിമല തീര്‍ഥാടകരെ സ്വീകരിക്കാൻ ദേവസ്വവും നഗരസഭയും ഒരുങ്ങി. ശബരിമല തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക വരിസംവിധാനം ഒരുക്കും. മണ്ഡല കാലം പ്രമാണിച്ച് ക്ഷേത്രം നട വൈകീട്ട് ഒരു മണിക്കൂര്‍ നേരത്തേ തുറക്കും. വൈകീട്ട് 3.30നാണ് ശബരിമല തീര്‍ഥാടന കാലം കഴിയും വരെ തുറക്കുക. വിരിവെക്കാൻ വടക്കേ പന്തല്‍ ഭാഗത്ത് സൗകര്യം ഉണ്ടാകും. കെട്ടുനിറക്കായി ദേവസ്വം സ്റ്റാള്‍ പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തന സജ്ജമായി. പാര്‍ക്കിങ് ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
ക്ഷേത്രപരിസരത്തെ വഴിയോര കച്ചവടം ഒഴിവാക്കാൻ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ഫ്രീ സത്രം മുതല്‍ ഗോകുലം ഹോട്ടല്‍ വരെയും കിഴക്കേ നട റോഡ് മുതല്‍ വാഹന പാര്‍ക്കിങ് സമുച്ചയം വരെയുമുള്ള ഭാഗത്ത് പാര്‍ക്കിങ് അനുവദിക്കില്ല. വാഹന പാര്‍ക്കിങ് സമുച്ചയത്തിന് തെക്കുഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കും. നഗരസഭയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം വെള്ളിയാഴ്ച രാവിലെ 10ന് നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.