ജില്ല ശാസ്ത്രോത്സവം; പാലക്കാട് ഉപജില്ല മുന്നില്‍

ഷൊര്‍ണൂര്‍: ജില്ല ശാസ്ത്രോത്സവം ആദ്യ ദിനം പിന്നിടുമ്പോള്‍ ഉപജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 314 പോയന്‍റുമായി പാലക്കാട് ഉപജില്ലയാണ് മുന്നില്‍.

307 പോയിന്‍റുമായി തൃത്താല ഉപജില്ല തൊട്ട് പിറകിലുണ്ട്. ശക്തമായ മത്സരം കാഴ്ചവെച്ച്‌ 297 പോയന്‍റ് നേടി ഒറ്റപ്പാലം, മണ്ണാര്‍ക്കാട് ഉപജില്ലകള്‍ മൂന്നാം സ്ഥാനത്തുണ്ട്.

സ്കൂള്‍ തലത്തില്‍ വാണിയംകുളം ടി.ആര്‍.കെ.എച്ച്‌.എസ്.എസ്. 116 പോയിന്‍റ് നേടി ഒന്നാം സ്ഥാനത്താണ്. 92 പോയന്‍റുകള്‍ വീതം നേടി കുമരംപുത്തൂര്‍ കെ.എച്ച്‌.എസും, കടമ്പൂര്‍ ജി.എച്ച്‌.എസ്.എസും രണ്ടാം സ്ഥാനത്തുണ്ട്. 75 പോയിന്‍റുമായി മേഴത്തൂര്‍ ജി.എച്ച്‌.എസ്.എസ് മൂന്നാം സ്ഥാനത്താണ്.

ശാസ്ത്രലോകത്ത്‌ ഇന്ത്യയെ നെറുകയിലെത്തിച്ചത് പതിറ്റാണ്ടുകളായി നടത്തിയ പരീക്ഷണങ്ങള്‍ -എം.പി

ഷൊര്‍ണൂര്‍: പതിറ്റാണ്ടുകള്‍ നീണ്ട എണ്ണമറ്റ പരീക്ഷണങ്ങളാണ് ശാസ്ത്രലോകത്ത് ഇന്ത്യയെ നെറുകിലെത്തിച്ചതിന് നിദാനമായതെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളെ ശാസ്ത്രലോകത്തേക്ക് ബന്ധിപ്പിക്കുന്നത് സ്കൂള്‍ ശാസ്ത്രോത്സവങ്ങളാണെന്നും ജില്ല ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യവെഎം.പിപറഞ്ഞു.

ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാൻ എം.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.നഗരസഭാംഗം ഹസീന അശ്റഫ്, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. മനോജ് കുമാര്‍, കെ.ജയപ്രകാശ്, കെ.എൻ.കൃഷ്ണകുമാര്‍, എം.എൻ.വിനോദ്, എ.ജെ.ശ്രീനി, ഹമീദ് കൊമ്പത്ത്, അബ്ബാസ് കളത്തില്‍, എം.ഗീത എന്നിവര്‍ സംസാരിച്ചു.

ഡ്രൈവിങ്ങിനിടെ ഉറങ്ങിയാല്‍ വിളിച്ചുണര്‍ത്തും അവൻ

വണ്ടിയോടിക്കുമ്പോള്‍ ഉറങ്ങിപ്പോകുമെന്ന ഭയം ഇനി വേണ്ട. കണ്ണൊന്നടച്ചാല്‍ വിളിച്ചുണര്‍ത്താൻ അലാറം റെഡി. മണ്ണാര്‍ക്കാട് എം.ഇ.എസ് എച്ച്‌.എസ്.എസിലെ പി. മിഷാലും കെ.വി. റോഷനുമാണ് യാത്രികര്‍ക്ക് ഏറെ ഉപകാരപ്രദമായ കണ്ടു പിടുത്തവുമായി മേളയിലെത്തിയത്. വണ്ടിയോടിക്കുമ്ബോള്‍ 2 സെക്കന്‍റ് കണ്ണടഞ്ഞാല്‍ മതി. തിരിച്ചറിഞ്ഞ സെൻസര്‍ അലാറം പ്രവര്‍ത്തിപ്പിക്കും. എന്നിട്ടും ഡ്രൈവര്‍ ഉണര്‍ന്നില്ലെങ്കില്‍ മൂന്ന് സെക്കന്‍റ് കഴിഞ്ഞാല്‍ വാഹനം ഓട്ടോമാറ്റിക്കായി ഓഫാകും.

സെൻസര്‍ അലാറവുമായി മിഷാലും റോഷനും

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം റോഡിനരികിലേക്കാക്കി പാര്‍ക്ക് ചെയ്യുകയും എസ്.ഒ.എസ് സന്ദേശം നല്‍കി വൈദ്യസഹായമുള്‍പ്പെടെ എത്തിക്കാനുള്ള സംവിധാനം ഒരുക്കാനുമുള്ള പരിശ്രമത്തിലാണ് ഇരുവരും.

 

മാലിന്യത്തില്‍ നിന്ന് വൈദ്യുതി

 

പ്ലാസ്റ്റിക്ക് മാലിന്യം തലവേദനയാവുമ്ബോള്‍ അതില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാമെന്ന് പറയുകയാണ് വണ്ടിത്താവളം കെ.കെ.എം.എച്ച്‌.എസ്.എസിലെ എസ്.ഷിനയും എസ്.അപ്സരയും. മാലിന്യം കത്തിക്കുമ്ബോള്‍ ഉണ്ടാവുന്ന താപം തെര്‍മല്‍ ഫോട്ടോ വോള്‍ട്ടിക്ക് എന്ന ഉപകരണം ഉപയോഗിച്ച്‌ വൈദ്യുതിയാക്കുകയും കത്തുമ്ബോഴുണ്ടാവുന്ന പുക വെള്ളത്തിലൂടെ കടത്തിവിടുന്നതുമൂലം കുറഞ്ഞ വായു മലിനീകരണം മാത്രമാണുണ്ടാവുന്നതെന്നും ഇവര്‍ പറയുന്നു.

 

പ്ലാസ്റ്റിക്ക് മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദന യന്ത്രവുമായി ഷിനയും അപ്സരയും

പ്രളയത്തെ നേരിടാം സൈക്കിളിലേറി

പ്രളയത്തെ നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനും ഉപയോഗിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് സൈക്കിള്‍ നിര്‍മിച്ച്‌ വിദ്യാര്‍ഥികള്‍. കുറഞ്ഞ ചിലവില്‍ വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന സൈക്കിളാണിത്. സാധാരണ സൈക്കിള്‍ പോലെ കരയില്‍ ഉപയോഗിക്കാൻ സാധിക്കുമ്ബോള്‍ കൂടുതലായി ഫിറ്റ് ചെയ്തിരിക്കുന്ന പ്രൊപ്പല്ലറുകളുപയോഗിച്ച്‌ വെള്ളത്തിലും സഞ്ചരിക്കാനാവും.

കാറ്റ് നിറച്ച ഫൈബര്‍ പൈപ്പുകളാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഒലവക്കോട് എം.ഇ.എസ് എച്ച്‌.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് റാസിയും മുഹമ്മദ് ഹിഷാമുമാണ് വാട്ടര്‍ സൈക്കിള്‍ അവതരിപ്പിച്ചത്.

വന്യമൃഗങ്ങളെ തുരത്താൻ പരിഹാരമുണ്ട്

മലയോര ഗ്രാമങ്ങളിലെ കര്‍ഷകരുടെ പ്രധാന പ്രശ്നമാണ് വിള നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍. നെന്മാറ അയിലൂര്‍ എസ്.എം.എച്ച്‌.എസിലെ അഡ്രിനോയും സാമുവലും തങ്ങളുടെ കര്‍ഷകരായ മാതാപിതാക്കളെയും നാട്ടുകാരെയും നിരന്തരം അലട്ടുന്ന പ്രശ്നത്തിന് പരിഹാരവുമായാണ് മേളയിലെത്തിയത്.

കൃഷിയിടത്തിലിറങ്ങുന്ന മൃഗങ്ങളെ തുരത്താനുള്ള കണ്ടുപിടിത്തവുമായി അഡ്രിനോയും സാമുവലും

കൃഷിയിടത്തില്‍ മൃഗങ്ങളെത്തിയാല്‍ തിരിച്ചറിയുകയും ഭയപ്പെടുത്തുന്നതിന് അവക്ക് ഭയമുള്ള മൃഗങ്ങളുടെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കുകയും ചെയ്യും. ഇതോടെ കൃഷിയിടത്തില്‍നിന്ന് ഇവ പിന്തിരിയും.