ദേവ്ധര്‍ പ്രതിമ അനാച്ഛാദനം ചെയ്തു

താനൂര്‍: ദേവധാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്ഥാപകൻ ഗോപാലകൃഷ്ണ ദേവ്ധറിന്റെ അര്‍ധകായ പ്രതിമയുടെ അനാച്ഛാദനം നടന്നു.

സ്കൂള്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം നിര്‍വഹിച്ചു. താനൂരിന്റെ നവോത്ഥാന ചരിത്രത്തില്‍ മാതൃകപരമായ സേവനം ചെയ്ത വ്യക്തിത്വമാണ് ഗോപാലകൃഷ്ണ ദേവ്ധറെന്ന് മന്ത്രി പറഞ്ഞു.

സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളും ഈ വര്‍ഷം സ്കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകരുമായ കെ. നാരായണൻ, എൻ. ശശികുമാര്‍ എന്നിവരാണ് ആറുലക്ഷത്തോളം രൂപ ചെലവഴിച്ച്‌ കരിങ്കല്ലില്‍ തീര്‍ത്ത പ്രതിമ ഗുരുദക്ഷിണയായി സ്കൂളിന് സമര്‍പ്പിച്ചത്. തിരുവനന്തപുരം സ്വദേശി ജനാര്‍ദനൻ കരിവള്ളൂരാണ് പ്രതിമ രൂപകല്‍പന ചെയ്തത്.

ചടങ്ങില്‍ സ്കൂളിലെ പൂര്‍വ അധ്യാപകനായ ടി. ഗോപാലകൃഷ്ണൻ എഴുതിയ ‘ദേവധാര്‍ കാലവും ചരിത്രവും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പരിപാടിയുടെ ഭാഗമായി ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ല തലത്തില്‍ നടത്തിയ പ്രബന്ധ രചന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി നിര്‍വഹിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മത്ത് അധ്യക്ഷത വഹിച്ചു.

കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, ജില്ല പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കാദര്‍ക്കുട്ടി വിശാരത്ത്, താനാളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ലൈജു, താനൂര്‍ ബി.പി.സി കെ. കുഞ്ഞികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണൻ ചുള്ളിയത്ത്, പ്രിൻസിപ്പല്‍ വി.പി. അബ്ദുറഹ്മാൻ, എസ്.എം.സി ചെയര്‍മാൻ പി. അബ്ദുല്‍ കരീം, പ്രധാനാധ്യാപിക പി. ബിന്ദു എന്നിവര്‍ സംസാരിച്ചു.

രാവിലെ നടന്ന ദേവധാര്‍ – കാലവും ചരിത്രവും ചരിത്ര സെമിനാര്‍ മോയിൻകുട്ടി വൈദ്യര്‍ സാംസ്കാരിക സമിതി ചെയര്‍മാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മലയാള സര്‍വകലാശാല പ്രാദേശിക ചരിത്ര പഠന സ്കൂള്‍ ഡയറക്ടര്‍ ഡോ. മഞ്ജുഷ ആര്‍. വര്‍മ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജ് ചരിത്ര വിഭാഗം മേധാവി ഡോ. വി. ജ്യോതിര്‍മയി, കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം അസി. പ്രഫ. ഡോ. സതീഷ് പാലങ്കി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിൻസിപ്പല്‍ അബ്ദുറഹിമാൻ വലിയപീടിയേക്കല്‍ മോഡറേറ്ററായി.

ചരിത്രം വീണ്ടെടുത്ത് ദേവധാറിന്റെ പ്രിയ അധ്യാപകര്‍

താനൂര്‍: ദേവധാര്‍ സ്കൂള്‍ അതിന്റെ ചരിത്രത്തെ വീണ്ടെടുക്കുമ്പോള്‍ ആ ദൗത്യത്തില്‍ സുപ്രധാന പങ്ക് വഹിച്ച്‌ ദേവധാറിന്റെ പ്രിയപ്പെട്ട മൂന്ന് അധ്യാപകരും. ഏറെക്കുറെ വിസ്മൃതിയിലാണ്ട് പോയ ദേവധാറിന്റെ ശില്‍പിയെയും ചരിത്രത്തെയും വരും തലമുറക്കായി വീണ്ടെടുക്കാൻ ചരിത്രരചന നിര്‍വഹിച്ച മുൻ അധ്യാപകൻ ടി. ഗോപാലകൃഷ്ണനും ദേവ്ധറിന്റെ ഓര്‍മകള്‍ അനശ്വരമാക്കാൻ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ അര്‍ധകായ പ്രതിമ സ്ഥാപിച്ച അധ്യാപകരായ എൻ. ശശികുമാറും കെ. നാരായണനുമാണ് അവരുടെ സംഭാവനകളിലൂടെ ദേവധാറിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറിയത്.

എൻ. ശശികുമാര്‍, ഗോപാലകൃഷ്ണ ദേവ്ധര്‍, കെ. നാരായണൻ

1921ല്‍ പുണെയില്‍നിന്ന് ഒരു നിയോഗം പോലെ താനൂരിന്റെ മണ്ണിലെത്തിയ ഗോപാലകൃഷ്ണ ദേവ്ധര്‍ സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ഇന്ന് സംസ്ഥാന തലത്തില്‍ തന്നെ മികച്ച സര്‍ക്കാര്‍ സ്കൂളുകളിലൊന്നായ ദേവധാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളായി വളര്‍ന്നത്.

1871ല്‍ ജനിച്ച ഗോപാലകൃഷ്ണ ദേവ്ധര്‍ 1905ല്‍ ഗോപാലകൃഷ്ണ ഗോഖലെ സര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി രൂപവത്കരിക്കുമ്പോള്‍ സഹസ്ഥാപകനായിരുന്നു. അധ്യാപകൻ, പത്രപ്രവര്‍ത്തകൻ, സഹകാരി എന്നീ നിലകളില്‍ സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്ന ദേവ്ധറിനെ മലബാര്‍ കലാപവേളയില്‍ സ്ഥിതിഗതികള്‍ പഠിക്കാനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഗോപാലകൃഷ്ണ ഗോഖലെയാണ് അയക്കുന്നത്.

കലാപം തകര്‍ത്തുകളഞ്ഞ ജനങ്ങളെ പുനരധിവസിപ്പിച്ചും പകര്‍ച്ച വ്യാധികളാല്‍ വലഞ്ഞ സാധാരണക്കാര്‍ക്ക് വൈദ്യസഹായമടക്കം നല്‍കിയും ദേവ്ധര്‍ മലബാറില്‍ സജീവമായി. പ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തരേന്ത്യയില്‍ നിന്നടക്കം സാമ്പത്തിക സമാഹരണം നടത്തിയ ദേവ്ധര്‍ കലാപങ്ങള്‍ക്കും അയിത്തമുള്‍പ്പെടെ സാമൂഹിക ദുരാചാരങ്ങള്‍ക്കുമുള്ള പ്രതിവിധിയായി കണ്ടെത്തിയത് വിദ്യാഭ്യാസത്തെയായിരുന്നു.

താനൂരിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച്‌ പോകുന്നതിന് മുമ്ബായി പൊതുപ്രവര്‍ത്തകനായ വി.ആര്‍. നായനാരുമായി ചേര്‍ന്ന് സ്ഥാപിച്ച ദേവധാര്‍ മലബാര്‍ റീ കണ്‍സ്ട്രക്ഷൻ ട്രസ്റ്റാണ് ദേവധാര്‍ സ്കൂളിന്റെ ആദ്യ രൂപമായ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നത്. പിന്നീട് 1951ല്‍ മലബാര്‍ എജുക്കേഷൻ സൊസൈറ്റി ഏറ്റെടുത്ത ദേവധാര്‍ സ്കൂള്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഹയര്‍ എലമെന്ററി ഹൈസ്കൂളായി ഉയര്‍ന്നു.

കേരളപ്പിറവിക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുക്കുന്നത്. പിന്നീട് പടിപടിയായി വളര്‍ന്ന ദേവധാര്‍ 1991ല്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ കോഴ്സുകള്‍ ആരംഭിച്ച ആദ്യഘട്ടത്തില്‍ തന്നെ ഹയര്‍ സെക്കൻഡറി സ്കൂളായി മാറി. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിപ്പോരുന്ന ദേവധാറില്‍ നടന്നുവരുന്ന ബൃഹത്തായ വികസന പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നത്.

സമൂഹത്തിന്റെ വിവിധ തുറകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളനുഷ്ഠിച്ച പ്രമുഖരും സാധാരണക്കാരുമായ പതിനായിരങ്ങളാണ് ദേവധാറില്‍നിന്ന് അറിവിന്റെ വെളിച്ചം ഏറ്റുവാങ്ങിയത്.

ഈ മഹത്തായ വിദ്യാലയത്തിന്റെ സ്ഥാപക പുരുഷനെക്കുറിച്ചോ ദേവധാറിന്റെ പിറവിയെക്കുറിച്ചോ അധികമൊന്നും അറിയാത്തവരാണ് കൂടുതലുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഗോപാല കൃഷ്ണന്റെ പുസ്തകം പിറക്കുന്നത്. ‘ദേവധാര്‍ കാലവും ചരിത്രവും’ എന്ന പേരില്‍ 2014ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.

പഴയ തലമുറയില്‍പെട്ട അധ്യാപകരേയും പൊതുപ്രവര്‍ത്തകരേയും സന്ദര്‍ശിച്ചും ദേവ്ധറിന്റെ ജന്മനാടായ പുണെയിലടക്കം സന്ദര്‍ശനം നടത്തിയും സാധ്യമാകുന്ന പരമാവധി വിവരങ്ങള്‍ ചേര്‍ത്താണ് ടി.ജി എന്നറിയപ്പെടുന്ന ടി. ഗോപാലകൃഷ്ണൻ പുസ്തകം രചിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ ടി. ഗോപാലകൃഷ്ണൻ 2004ല്‍ പ്രിൻസിപ്പലായാണ് സ്കൂളില്‍നിന്ന് വിരമിക്കുന്നത്. ദേവധാര്‍ പി.ടി.എ മുൻകൈയെടുത്താണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ഗോപാലകൃഷ്ണ ദേവ്ധറിന്റെ തിളങ്ങുന്ന ഓര്‍മകള്‍ നിലനിര്‍ത്താൻ ഹയര്‍സെക്കൻഡറി ബ്ലോക്കിലാണ് അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമ സ്ഥാപിച്ചത്. ദേവധാറില്‍നിന്ന് പഠിച്ചിറങ്ങി ദേവധാറില്‍ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ച്‌ ഈ വര്‍ഷം ജോലിയില്‍നിന്ന് വിരമിക്കുന്ന എൻ. ശശികുമാറും കെ. നാരായണനും ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.