തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് 175 മണിക്കൂര്‍ പിന്നിട്ടു; പുറത്തെത്തിക്കാൻ അഞ്ചിന മാര്‍ഗരേഖ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള സില്‍ക്ക്യാര തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.

മിഷൻ പൂര്‍ത്തിയാകാൻ നാലോ അഞ്ചോ ദിവസം കൂടി വേണ്ടി വരുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തിട്ടുണ്ട്. ഒരേസമയം പ്രവര്‍ത്തിക്കുന്ന അഞ്ച് പദ്ധതികളാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെ വിദഗ്ധരും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നത്.

“ഒരു പദ്ധതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനുപകരം, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്രയും വേഗം എത്തിച്ചേരാനുള്ള അഞ്ച് പദ്ധതികളില്‍ ഒരേസമയം പ്രവര്‍ത്തിക്കണമെന്നാണ് വിദഗ്ധരുടെ കാഴ്ചപ്പാട്,” പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ഭാസ്കര്‍ ഖുല്‍ബെ പറഞ്ഞു.

സമാന്തരമായി തുരക്കുന്ന പ്രവൃത്തി വിജയിക്കാത്ത പശ്ചാത്തലത്തില്‍ മുകളില്‍ നിന്നും കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്താനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും ഇന്ന് അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം അവലോകനം ചെയ്തു. എല്ലാ കേന്ദ്ര ഏജൻസികളുമായും ഏകോപിപ്പിക്കുന്നതിന് എം.ഡി മഹമൂദ് അഹമ്മദാസിനെ ചുമതലപ്പെടുത്തി.

അതേസമയം, 175 മണിക്കൂറോളമായി തൊഴിലാളികള്‍ ജീവനോടും സമയത്തോടും മല്ലടിക്കുകയാണ്. തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. കുഴല്‍ വഴി ഭക്ഷണവും വെള്ളവും ഓക്സിജനും തുരങ്കത്തിനകത്ത് നല്‍കുന്നുണ്ട്. എന്നാല്‍, പലര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. വയര്‍ സ്തംഭനം, തലവേദന, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളാണ് പലര്‍ക്കുമുള്ളത്.

തുരങ്കത്തിനുള്ളിലെ സാഹചര്യം കണക്കിലെടുത്ത് ഡ്രൈ ഫ്രൂട്സ്, പൊരി, ചോളം മുതലായ ഭക്ഷണങ്ങളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. എന്നാല്‍, മൂന്ന് നേരം നന്നായി ഭക്ഷണം കഴിച്ചിരുന്ന തൊഴിലാളികളുടെ ശാരീരിക ക്ഷമത നിലനിര്‍ത്താൻ ഈ ഭക്ഷണം മതിയാവില്ല.

തുരങ്കത്തിനകത്തുള്ള മറ്റ് വാതകങ്ങളുടെയും മൂലകങ്ങളുടെയും സാന്നിധ്യം ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോയെന്ന ആശങ്കയുമുണ്ട്. രക്തസമ്മര്‍ദ്ദം കുറയുന്ന സാഹചര്യങ്ങളും അപകടാവസ്ഥയിലേക്ക് നയിക്കാം.

തൊഴിലാളികള്‍ക്ക് വൈറ്റമിൻ സി ഗുളികകളും വയര്‍ സ്തംഭനം, തലവേദന തുടങ്ങിയവക്കുള്ള മരുന്നുകളും നല്‍കിയെന്ന് ഉത്തരകാശി സി.എം.ഒ പറഞ്ഞു.

അതേസമയം, രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ സഹതൊഴിലാളികളും ബന്ധുക്കളും അസംതൃപ്തി പ്രകടിപ്പിച്ചു. നവംബര്‍ 12നാണ് നിര്‍മാണത്തിലുള്ള സില്‍ക്ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. 60 മീറ്റര്‍ ഉള്ളിലായാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.

തുരങ്കത്തിന് സമാന്തരമായി തുരന്ന് വ്യാസമേറിയ പൈപ്പിട്ട് തൊഴിലാളികളെ അതുവഴി പുറത്തെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഡ്രില്ലിങ് മെഷീന്‍റെ തകരാര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. പുതിയ ഡ്രില്ലിങ് യന്ത്രം എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും തുരക്കുന്നതിനിടെ വിള്ളലിന്‍റെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇത് നിര്‍ത്തിയിരിക്കുകയിയിരുന്നു.