നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

കാട്ടാക്കട: മഴ കനക്കുമെന്ന മുന്നറിയിപ്പും നെയ്യാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തതിനെ തുടര്‍ന്ന് നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.ബുധനാഴ്ച നാല് ഷട്ടറുകളും 25 സെന്റീമീറ്റര്‍ വീതം തുറന്ന് നെയ്യാറിലേക്ക് വെള്ളം ഒഴുക്കുകയാണ്.

84.75 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ബുധനാഴ്ച വൈകീട്ട് 83.89 മീറ്ററാണ് ജലനിരപ്പ്. നേരത്തെ 10 സെന്റീമീറ്റാണ് തുറന്നിരുന്നത്. മഴ ശക്തിപ്പെട്ടാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരുമെന്നും നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇറിഗേഷൻ അധികൃതര്‍ അറിയിച്ചു.