ഇന്നലെ രാത്രി ഒരു വീട്ടിലായിരുന്നു; അവരെ ആരെയും നേരത്തെ അറിയില്ലെന്ന് അബിഗേല്‍ സാറ

കൊല്ലം: ഇന്നലെ രാത്രി ഒരു വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറ.

കടത്തിക്കൊണ്ടു പോയവരെ നേരത്തെ കണ്ടിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം, പോയിട്ട് വരാമെന്നാണ് അവര്‍ പറഞ്ഞതെന്നും അബിഗേല്‍ പൊലീസിനോടു പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ തട്ടിയെടുക്കപ്പെട്ട ഓയൂര്‍ കാറ്റാടി ഓട്ടുമല റെജി ഭവനില്‍ റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെ ഇന്ന് ഉച്ചയ്ക്കാണ് ആശ്രാമം പരിസരത്ത് കണ്ടെത്തിയത്. മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. എസ്.എൻ കോളജിലെ വിദ്യാര്‍ഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോള്‍ ഒരു സ്ത്രീയുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

കൊല്ലം ഈസ്റ്റ് പൊലീസിെൻറ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍, കുട്ടിയെ നാളെയെ വീട്ടിലേക്കു വിടൂ എന്നാണ് വിവരം. അമ്മയുമായി അബിഗേല്‍ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവര്‍ കടന്നുകളഞ്ഞുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ യോനാഥനും വീട്ടില്‍നിന്ന് 100 മീറ്റര്‍ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്ബോഴാണു സംഭവം. കാറിലെത്തിയവര്‍ ഒരു നോട്ടിസ് നല്‍കി, അത് അമ്മയെ ഏല്‍പിക്കണമെന്നു പറഞ്ഞു യോനാഥെൻറ ശ്രദ്ധ മാറ്റിയശേഷം അബിഗേലിനെ പിടിച്ചു കാറിലേക്കു വലിച്ചു കയറ്റുകയായിരുന്നു.

കാര്‍ നീങ്ങിയപ്പോള്‍ ജോനാഥൻ ഡോറില്‍ തൂങ്ങിക്കിടന്നു. റോഡിലേക്കു വീണ യോനാഥെൻറ മുട്ടിനു പരുക്കേറ്റു. അങ്കണവാടി അധ്യാപികയായ സുനു സോമരാജൻ ഇതുകണ്ട് ഓടിയെത്തിയപ്പോഴേക്കും കാര്‍ വിട്ടു പോയിരുന്നു. ജോനാഥെൻറ നിലവിളി കേട്ടു പുറത്തിറങ്ങിയ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണു കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നു നാട്ടുകാര്‍ക്കു മനസിലായത്.