കാമ്പസുകളിലെ പരിപാടികള്‍ക്ക് പെരുമാറ്റച്ചട്ടം ഉടനെന്ന് മന്ത്രി ആര്‍. ബിന്ദു
തിരുവനന്തപുരം: കുസാറ്റില്‍ നാലു പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാമ്പസുകളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയാറാക്കാൻ സമിതി രൂപീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. കുസാറ്റ് ദുരന്തത്തെ കുറിച്ചുള്ള സമഗ്ര അന്വേഷണവും സമിതി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. രാജശ്രീ എം.എസ് (മുൻ വൈസ് ചാൻസലര്‍), സ്‌കൂള്‍ ഓഫ് എൻവയോണ്‍മെന്റല്‍ സയൻസസ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മേധാവി ഡോ. ബൈജു കെ.ആര്‍. എന്നിവരടങ്ങിയതാണ് സമിതി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ടെക്ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നു വിദ്യാര്‍ഥികളും ഒരു സന്ദര്‍ശകനും മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പെരുമാറ്റച്ചട്ടം രൂപീകരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. കാമ്ബസുകളില്‍ സമാനമായ പരിപാടികള്‍ നടത്തുമ്ബോള്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട പെരുമാറ്റച്ചട്ടമാണ് സമിതി തയാറാക്കുക എന്നും മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.